ഞാൻ നായകനാണെന്ന് അറിഞ്ഞാൽ പല നടിമാരും പിന്മാറുമായിരുന്നു, അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും വരില്ല -ഇന്ദ്രൻസ്
വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയരംഗത്തേക്ക് എത്തുകയും പിന്നീട് ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവ നടനായും മലയാള സിനിമയിൽ ഇടംപിടിക്കുകയും ചെയ്ത നടനാണ് ഇന്ദ്രൻസ്. ആരാധകർ കാത്തിരിക്കുന്ന ഇന്ദ്രൻസ്-മധുബാല ചിത്രമായ ‘ചിന്ന ചിന്ന ആസൈ’യുടെ ട്രെയിലർ ലോഞ്ചിനിടെ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. താൻ നായകനാണെന്ന് അറിഞ്ഞാൽ പല നടിമാരും സിനിമകളിൽ നിന്ന് പിന്മാറുമായിരുന്നുവെന്ന് താരം ഇവിടെ തുറന്നുപറഞ്ഞു.
“ഒരുപാട് അവസരങ്ങൾ വരുന്നുണ്ടെങ്കിലും ചില ജീവനുള്ള കഥാപാത്രങ്ങൾ കിട്ടും. അത് കിട്ടുമ്പോൾ തന്നെ ഒരു ആധിയാണ്. അത്തരത്തിലൊരു സിനിമയാണ് ചിന്ന ചിന്ന ആസൈ. കഥ കേട്ടപ്പോൾ തന്നെ ഞാൻ ഓക്കെ പറഞ്ഞു. മധു മേഡമാണ് നായിക എന്നും എന്നോട് പറഞ്ഞിരുന്നു. ആരാണ് മാധവൻ മാഷ് എന്ന് ചോദിച്ചാൽ പേര് പറയ്യല്ലേ, തീരുമാനിച്ചില്ലെന്നെ പറയാവുന്ന് അവരോട് പറയണമെന്ന് ഉണ്ടായിരുന്നു. അല്ലെങ്കിൽ ചിലപ്പോൾ അവര് വിളിച്ച് അന്വേഷിക്കും. ആരാണ് ഇയാൾ എന്ന് ചോദിക്കുമ്പോൾ, അതിവിടെ കോമഡി ഒക്കെ ചെയ്‌ത ഒരുത്തനാണെന്ന് പറയുമ്പോൾ ചിലപ്പോൾ അവരതിൽ നിന്നും പിന്മാറും. അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പോലും വരില്ല. എനിക്ക് പല സിനിമകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. വലിയ ആർട്ടിസ്റ്റുകളുടെ പേര് പറയും പക്ഷേ അവസാനം അവർ സിനിമയിൽ ഉണ്ടാകാറില്ല. നമ്മുടെ വേഷത്തോട് തൃപ്‌തിയാണ്. പക്ഷേ അക്കാര്യത്തിലൊരു ആധി ഉണ്ടാകും. പക്ഷേ മധു മേഡത്തിന് ഇഷ്‌ടമായി സമ്മതിച്ചു എന്ന് പറയുന്നു. ഞാനും ആ ഡേറ്റിന് വേണ്ടി കാത്തിരുന്നു. ഒരാഴ്ചയൊക്കെ അതിൽ മാറ്റം വരുമ്പോൾ എനിക്ക് വെപ്രാളമാണ്. പക്ഷേ അതൊന്നും സംഭവിച്ചില്ല മേഡം വന്നു. എനിക്ക് ഒത്തിരി സന്തോഷമായി. 19-ാം തീയതി സിനിമയുടെ ജാതകം എന്താണെന്ന് അറിയാനായി ചങ്കിടിപ്പോടെയുള്ളൊരു കാത്തിരിപ്പാണ്”.
തുടക്കകാലത്ത് ഹേമ മാലിനിയുടെ നായകനായി അഭിനയിക്കാനായിരുന്നു തന്റെ ആഗ്രഹമെന്നും ഇന്ദ്രൻസ് പങ്കുവെച്ചു. “ഹേമ മാലിനിയെ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. ആ കുടുംബത്തില്‍ നിന്നു തന്നെയാണ് മധു മാഡത്തെ കിട്ടിയത്. ആഗ്രഹിച്ചിരുന്ന പലതും പറഞ്ഞിരുന്നില്ല. അങ്ങനൊരു കോലത്തിലാണ് അതൊക്കെ ആഗ്രഹിച്ചത്. ഇപ്പോഴും കോലത്തിലൊന്നും മാറ്റം വന്നിട്ടില്ല. പക്ഷെ, തലമുറ മാറിയപ്പോള്‍ ഞാന്‍ അവര്‍ക്ക് പാകമാകുന്ന ആളായി. വിട്ടു പോകാതെ, ഓരം ചേര്‍ന്നു നില്‍ക്കാതെ നീന്തിയതു കൊണ്ട് മാറിയ തലമുറ തന്ന സമ്മാനമായിരിക്കും” താരം കൂട്ടിച്ചേർത്തു.