11/05/2026
[fontresizer_tawhidurrahmandear_widget]

‘ഒരുകാലത്ത് ബോഡി ഷേമിങ്ങിന് ഇരയായ വ്യക്തി; ഇന്ന് വേഷപ്പകർച്ചകളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന മഹാനടൻ’-ഇന്ദ്രൻസിനെ പുകഴ്ത്തി സൂര്യ

 ‘ഒരുകാലത്ത് ബോഡി ഷേമിങ്ങിന് ഇരയായ വ്യക്തി; ഇന്ന് വേഷപ്പകർച്ചകളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന മഹാനടൻ’-ഇന്ദ്രൻസിനെ പുകഴ്ത്തി സൂര്യ

ചെന്നൈ: മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനെ പുകഴ്ത്തി തമിഴ് താരം സൂര്യ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണിപ്പോൾ. ഒരുകാലത്ത് കടുത്ത ബോഡി ഷേമിങ്ങിന് ഇരയായ വ്യക്തിയാണ് ഇന്ദ്രൻസ് എന്നും, ഇന്നു വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെ എല്ലാവരെയും വിസ്മയിപ്പിക്കുന്ന മഹാനടനാണ് അദ്ദേഹമെന്നും താരം പറഞ്ഞു.

ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ‘കറുപ്പ്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സൂര്യയുടെ പരാമർശം. ചിത്രത്തിൽ ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പരിപാടിക്കിടെ ഇന്ദ്രൻസിനെക്കുറിച്ച് സൂര്യ പറഞ്ഞത് ഇങ്ങനെ:

‘ഞാൻ ദേശീയ അവാർഡ് വാങ്ങുന്ന വേളയിലാണ് ഇന്ദ്രൻസും ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് കടുത്ത ബോഡി ഷേമിങ്ങിന് ഇരയായ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ഇന്ന് യൂട്യൂബ് തുറന്നാൽ, ഓരോ സിനിമയിലും വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെ നമ്മളെ വിസ്മയിപ്പിക്കുന്ന ഒരു മഹാനടനെയെയാണ് നമുക്ക് കാണാൻ കഴിയുന്നത്.’ ഓരോ കഥാപാത്രങ്ങൾ കണ്ട് പലപ്പോഴും ഇത് ഇന്ദ്രൻസ് തന്നെയാണോ എന്ന് താൻ അവിശ്വസനീയതയോടെ നോക്കിനിന്നിട്ടുണ്ടെന്നും സൂര്യ തുറന്നുപറഞ്ഞു.

ഇന്ദ്രൻസിന്റെ വിദ്യാഭ്യാസത്തോടുള്ള താൽപര്യത്തെയും അചഞ്ചലമായ പോരാട്ടവീര്യത്തെയും സൂര്യ എടുത്തുപറഞ്ഞു. നാലാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്നിട്ടും, തന്റെ 68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ഏവർക്കും വലിയൊരു പ്രചോദനമാണെന്ന് സൂര്യ പറഞ്ഞു.

‘ഒരു സാധാരണ ടൈലറായും കോസ്റ്റ്യൂമറായും സിനിമാ ജീവിതം തുടങ്ങി, ചെറിയ വേഷങ്ങളിലൂടെ വളർന്ന് ഇന്ന് നാഷണൽ അവാർഡ് വരെ നേടി നിൽക്കുന്ന ഒരു ഹീറോയാണ് അദ്ദേഹം. സ്വപ്നങ്ങൾക്ക് ഒരിക്കലും എക്‌സ്പയറി ഡേറ്റ് ഇല്ല. നമുക്ക് ഉറച്ചൊരു ലക്ഷ്യമുണ്ടെങ്കിൽ അത് എന്നായാലും യാഥാർഥ്യമാകും. അദ്ദേഹത്തിന്റെ ജീവിതം ഞാൻ വലിയൊരു അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്,’ സൂര്യ പറഞ്ഞു.

സൂര്യയും തൃഷയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘കറുപ്പ്’. സ്വാസിക, യോഗി ബാബു തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ഇന്ദ്രൻസിന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ വേഷമായിരിക്കും ഈ സിനിമയിലേതെന്നാണ് അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നത്. ചിത്രം മെയ് 14-ന് തിയേറ്ററുകളിൽ എത്തും.

Also read: