02/06/2026
[fontresizer_tawhidurrahmandear_widget]

‘ടിനി ടോം എന്നെ ജിഹാദിയാക്കി; ഇസ്‍ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ചു’: അൻസിബ ഹസൻ

 ‘ടിനി ടോം എന്നെ ജിഹാദിയാക്കി; ഇസ്‍ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ചു’: അൻസിബ ഹസൻ

കൊച്ചി: നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തിയെന്നാണ് അൻസിബ വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ‘അമ്മ’ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവയ്ക്കാനുള്ള കാരണം ടിനി ടോമാണെന്നും അവർ പറഞ്ഞു.

താൻ ആളുകളെ ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് ടിനി ടോം പ്രചരിപ്പിച്ചതായി അൻസിബ ആരോപിച്ചു. ‘ഞാൻ ഇസ്ലാമിലേക്ക് അദ്ദേഹത്തിന്റെ ഡ്രൈവറെ ഉൾപ്പെടെ മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞു. ‘അമ്മ’യിലെ പല അംഗങ്ങളോടും ടിനി ടോം ഇക്കാര്യം സംസാരിച്ചു. നടി നീനാ കുറുപ്പ് ആണ് തന്നോട് ഇക്കാര്യം വന്നു പറഞ്ഞത്,’ അൻസിബ വ്യക്തമാക്കി.

തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, ടിനി ടോം തന്നെ ഒരു മതതീവ്രവാദിയും ജിഹാദിയുമായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും നടി പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ‘അമ്മ’ പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

മതപരമായ ആരോപണങ്ങൾക്ക് പുറമേ തനിക്കെതിരെ മോശം രീതിയിലുള്ള അവിഹിതക്കഥകൾ പ്രചരിപ്പിച്ചതായും അൻസിബ വെളിപ്പെടുത്തി. ‘എനിക്കിനി ഈ ലോകത്ത് അവിഹിതമുണ്ടാകാൻ ആളുകൾ ബാക്കിയുണ്ടോ എന്ന് അറിയില്ല. ഇത് ടിനി ടോം പലരോടും പറഞ്ഞതാണ്. ഒരു പെണ്ണിനെ മോശക്കാരിയാക്കാനും തകർക്കാനും ഏറ്റവും എളുപ്പമുള്ള വഴിയാണത്,’ അൻസിബ തുറന്നടിച്ചു. ഈ വിഷയങ്ങളെല്ലാം ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോനോട് സംസാരിച്ചിരുന്നതായും അവർ പറഞ്ഞു.

‘അമ്മ’ സംഘടനയുടെ യോഗങ്ങളിൽ ടിനി ടോമിന്റെ പല അഭിപ്രായങ്ങൾക്കുമെതിരെ താൻ നിലപാട് സ്വീകരിച്ചിരുന്നതാണ് ഈ വ്യക്തിവൈരാഗ്യത്തിന് കാരണമെന്ന് അൻസിബ വിശ്വസിക്കുന്നു. ‘അമ്മ’യുടെ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്‌പോൺസർഷിപ്പ് ഒരു മതസ്ഥാപനത്തിന് നൽകുന്നതിനെ താൻ എതിർത്തതോടെയാണ് പ്രശ്‌നങ്ങൾ വഷളായതെന്നും അൻസിബ വിശദീകരിച്ചു.

‘അമ്മ നിഷ്പക്ഷമായി നിൽക്കേണ്ട കലാകാരന്മാരുടെ സംഘടനയാണ്. ഇത്തവണ ഒരു മതസ്ഥാപനത്തിന് സ്‌പോൺസർഷിപ്പ് കൊടുത്താൽ അടുത്ത തവണ മറ്റൊരു സ്ഥാപനത്തിന് കൊടുക്കേണ്ടി വരും എന്ന് ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് ശേഷമാണ് എന്നെ വർഗീയവാദിയാക്കാൻ തുടങ്ങിയത്,’ നടി പറഞ്ഞു. തന്നെക്കുറിച്ച് ഇത്രയധികം മോശമായ കാര്യങ്ങൾ പറയുന്ന ഒരാളോടൊപ്പം ഇനി എങ്ങനെ ഒരു കമ്മിറ്റിയിൽ ഒരുമിച്ചിരിക്കുമെന്നും അൻസിബ ഹസൻ ചോദിക്കുന്നു.

Also read: