ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഗുജറാത്തിൽ; മമ്മൂട്ടി ഉൾപ്പെടെയുള്ളവർ അവാർഡ് ഏറ്റുവാങ്ങുക ഡൽഹിക്ക് പുറത്തുവെച്ച്
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് രാജ്യതലസ്ഥാനമായ ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കേവാഡിയയിൽ (ഏകതാ നഗർ) നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമയായ ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
1954-ലെ ആദ്യ ചടങ്ങ് മുതൽ ഭൂരിഭാഗം അവാർഡ് വിതരണങ്ങൾക്കും വേദിയായ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നിന്നാണ് ഇത്തവണ മാറ്റം ഉണ്ടാകുന്നത്. രാജ്യത്തെ പ്രധാന പരിപാടികൾ ഗുജറാത്തിലേക്ക് മാറ്റുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ തീരുമാനം.
കഴിഞ്ഞ ജൂലൈയിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ‘ആർട്ടിക്കിൾ 370’ മികച്ച ചിത്രമായും, അതിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘ഭ്രമയുഗ’ത്തിലെ പ്രകടനത്തിന് മമ്മൂട്ടിയും ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
‘ഫെമിനിച്ചി ഫാത്തിമ’യാണ് മികച്ച മലയാള ചിത്രം. വൈക്കം വിജയലക്ഷ്മി (മികച്ച ഗായിക), ഷെഹ്നാദ് ജലാൽ (മികച്ച ഛായാഗ്രഹണം) എന്നിവരും പുരസ്കാരത്തിന് അർഹരായി. സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ കേന്ദ്ര ജൂറിയാണ് 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളിൽ നിന്ന് വിജയികളെ തെരഞ്ഞെടുത്തത്.