സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ച മോദി സ്വാതന്ത്ര്യസമര സേനാനി; കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ന്യൂഡൽഹി: കോച്ചിങ് സെന്ററിന്റെ മത്സരപ്പരീക്ഷാ ഗൈഡിൽ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഉൾപ്പെടുത്തിയത് വിവാദമാകുന്നു. ‘ശിവന്ത് സർ’ മത്സരപ്പരീക്ഷാ പുസ്തകത്തിലെ ‘സ്വാതന്ത്ര്യ സമര സേനാനികളുടെ വചനങ്ങളും മുദ്രാവാക്യങ്ങളും’ എന്ന ഭാഗത്താണ് ഈ പരാമർശമുള്ളത്. പുസ്തകത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായി മൂന്ന് വർഷങ്ങൾക്ക് ശേഷം ജനിച്ച നരേന്ദ്ര മോദി എങ്ങനെയാണ് സ്വാതന്ത്ര്യസമര സേനാനിയാകുന്നതെന്നാണ് പ്രധാനമായും ചോദ്യമുയരുന്നത്. 2014-ൽ അധികാരത്തിലെത്തിയ മോദി, സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ്. ഗാന്ധിജിക്കും സുഭാഷ് ചന്ദ്രബോസിനുമൊപ്പം മോദിയുടെ പേര് ഉൾപ്പെടുത്തിയതിന് പുറമെ, ‘മേ ഭീ ചൗക്കീദാർ’, ‘ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ’ തുടങ്ങിയ അദ്ദേഹത്തിന്റെ ചില മുദ്രാവാക്യങ്ങളും പ്രസ്താവനകളും പുസ്തകത്തിൽ നൽകിയിട്ടുണ്ട്.
പുസ്തകത്തിലെ ഉള്ളടക്കം കാണിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായി. ചരിത്രത്തെ ബോധപൂർവ്വം വളച്ചൊടിക്കുന്നതായും രാഷ്ട്രീയ പ്രൊപ്പഗാണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘മോദി ഹൈ തോ മുങ്കിൻ ഹൈ’ എന്ന പാട്ടോടെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടത്. ഇത് വ്യക്തിപൂജ വളർത്താനുള്ള ബോധപൂർവ്വമായ ശ്രമമാണെന്നും വിമർശകർ ആരോപിക്കുന്നു. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠന സാമഗ്രികളിൽ ഇത്തരം രാഷ്ട്രീയ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരമാണെന്നും, കുട്ടികളുടെ മനസ്സിൽ തെറ്റായ ചരിത്രബോധം കുത്തിവെക്കുമെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. വിഷയത്തിൽ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവസ്ഥയെ ചോദ്യം ചെയ്തും നിരവധി പേർ പ്രതികരണമറിയിച്ചിട്ടുണ്ട്.