‘കുന്തവും പിടിച്ച് വൈകുന്നേരം 6 മണി വരെ നിന്നു, വല്ലാത്ത വിഷമവും ഭാരവും’; നടനോട് ക്ഷമ ചോദിച്ച് ‘പള്ളിച്ചട്ടമ്പി’ ടീം
ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്ന സജീവ് ബി. വയലിൽ പങ്കുവെച്ച കുറിപ്പും അതിന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. താൻ ഏറെ കഷ്ടപ്പെട്ട് അഭിനയിച്ച രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തതിലുള്ള സങ്കടമാണ് സജീവ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്. പൃഥ്വിരാജ് അതിഥി വേഷത്തിലെത്തിയ രംഗത്തിൽ ഓഫീസർമാരായി അഭിനയിച്ചതിനെക്കുറിച്ച് സജീവ് വിവരിക്കുന്നുണ്ട്. “പൃഥ്വിരാജിന്റെ മുന്നിൽ വെച്ച് ധ്രുവൻ ഒരു സായിപ്പിനെ വെടിവെക്കുന്ന സീനിൽ ഓഫീസർമാരായി ഞങ്ങളും ഉണ്ടായിരുന്നു. പതിനഞ്ചുപേരിൽ ഞങ്ങൾ മൂന്നുപേരുടെയും ക്ലോസപ്പും എടുത്തിരുന്നു. പൃഥ്വിരാജ് ദേഷ്യത്തോടെ നോക്കുമ്പോൾ ഞങ്ങൾ പേടിച്ച് വിറയ്ക്കുന്നതായിരുന്നു സീൻ. എന്റെ കൂടെ നിന്ന പയ്യൻ നന്നായി ആക്ട് ചെയ്തിരുന്നു. ഷൂട്ട് കഴിഞ്ഞ് ആ സീൻ കാണിച്ച് അവനെ എല്ലാരും അഭിനന്ദിച്ചിരുന്നു. ഇന്ന് അവനും എന്ത് വിഷമമായി കാണും എന്ന് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല” എന്ന് സജീവ് കുറിച്ചു.
ചിത്രീകരണത്തിനായി കാത്തുനിന്ന നിമിഷങ്ങളെക്കുറിച്ച് സജീവ് വിവരിക്കുന്നത് ഏറെ ഹൃദയസ്പർശിയായാണ്. “കൊട്ടാരത്തിന്റെ മൂലയിൽ കുന്തവും പിടിച്ച് വൈകുന്നേരം 6 മണിവരെ നിന്നു. ഫ്രെയിം കിട്ടിയില്ല, പക്ഷേ പൃഥ്വിരാജ് ഇരുന്ന റൂമിന് അരികിലായിരുന്നതിനാൽ ജീവിതത്തിൽ ആദ്യമായി അദ്ദേഹവുമായി എനിക്ക് ആരും കാണാതെ സംസാരിക്കാൻ പറ്റി” എന്നും അദ്ദേഹം ഓർത്തെടുത്തു. പിന്നീട് വീണ്ടും അവസരം ചോദിച്ച് പുലർച്ചെ രണ്ട് മണിവരെ കാത്തുനിന്നാണ് ഓഫീസറായുള്ള വേഷം ലഭിച്ചത്. “പടം കഴിഞ്ഞ് എന്തോ മനസ്സിന് വല്ലാത്ത വിഷമവും ഭാരവും തോന്നി. എങ്കിലും വിജയങ്ങൾ മാത്രം നമ്മൾ ആഘോഷിക്കാൻ പാടില്ല… ചില തോൽവികളും നമ്മൾ ആഘോഷിക്കണമല്ലോ” എന്ന് കുറിച്ചുകൊണ്ടാണ് സജീവ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
സജീവിന്റെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ചിത്രത്തിന്റെ സംവിധാന സഹായിയായ ഷാൻ ബി. ആൻഡ്രൂസ് ക്ഷമാപണവുമായി രംഗത്തെത്തി. “പ്രിയപ്പെട്ട സജീവ്, മനഃപൂർവം അല്ല താങ്കളുടെ ഷോട്ട് വെക്കാതിരുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി നമ്മൾ എടുക്കുന്ന എല്ലാ ഷോട്ടും ചിലപ്പോൾ സിനിമയിൽ ഉൾപ്പെടുത്താൽ സാധിക്കാറില്ല. താങ്കൾക്ക് അത് മനസിലാവും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നിരുന്നാലും താങ്കൾക്ക് നേരിട്ട മനോവിഷമത്തിന് ഈ സിനിമയുടെ ഭാഗമായും എന്റെ വ്യക്തിപരമായ രീതിയിലും ഞാൻ ക്ഷമ ചോദിക്കുന്നു” എന്നായിരുന്നു ഷാനിന്റെ മറുപടി. സിനിമയിൽ വേഷങ്ങൾ വെട്ടിമാറ്റപ്പെടുന്നത് സ്വാഭാവികമാണെങ്കിലും ഒരു കലാകാരന്റെ അധ്വാനത്തെ മാനിച്ചുകൊണ്ടുള്ള അണിയറപ്രവർത്തകരുടെ ഈ പ്രതികരണം സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രശംസ നേടുന്നുണ്ട്.