കാണാതായ വളർത്തു തത്തയെ തേടി ഉടമ; കണ്ടെത്തുന്നവർക്ക് 25000 രൂപ പാരിതോഷികം
കാണാതായ തന്റെ പ്രിയപ്പെട്ട വളർത്തുതത്തയെ കണ്ടെത്തി നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. തൃപ്പൂണിത്തുറയിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി ശശികാന്താണ് തന്റെ തത്തയെ കണ്ടെത്താൻ നാടൊട്ടാകെ തിരച്ചിൽ നടത്തുന്നത്. ‘കല്ലു’, ‘മിട്ടു’ എന്നിങ്ങനെ പേരുള്ള രണ്ട് കോനൂർ ഇനത്തിൽപ്പെട്ട പക്ഷികൾ കഴിഞ്ഞ രണ്ട് വർഷമായി ശശികാന്തിന്റെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കഴിയുന്നത്. പേര് വിളിച്ചാൽ പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഇവയ്ക്കായി കൊച്ചിയിലെ ഫ്ലാറ്റിൽ പ്രത്യേക മുറിയും സഞ്ചരിക്കാൻ അംബാസിഡർ കാറും വരെ ശശികാന്ത് ഒരുക്കിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ‘കല്ലു’വിനെ ഫ്ലാറ്റിൽ നിന്നും കാണാതാകുന്നത്. ഫ്ലാറ്റിന് പുറത്തുനിന്ന് തുറക്കാൻ കഴിയുന്ന രീതിയിലുള്ള ജനൽ ആരോ തുറന്നിട്ടത് ശശികാന്ത് ശ്രദ്ധിച്ചിരുന്നില്ല. ഇതിലൂടെ തത്ത പുറത്തേക്ക് പറന്നുപോകുകയായിരുന്നു. തത്തയെ കാണാതായ വിവരം നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് പിന്നാലെയാണ്, അതിനെ സുരക്ഷിതമായി തിരികെ എത്തിക്കുന്നവർക്ക് വലിയ തുക പാരിതോഷികമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. തന്റെ പ്രിയപ്പെട്ട പക്ഷിയെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളായി തിരച്ചിൽ തുടരുകയാണ് ഈ ഉടമ.