ഗംഗാതീരത്ത് നായയെ കുളിപ്പിച്ച് യുവതി; പ്രതിഷേധിച്ച് വിശ്വാസികൾ
ഹരിദ്വാറിലെ പ്രശസ്തമായ സർവാനന്ദ് ഘട്ടിൽ വളർത്തുനായയെ കുളിപ്പിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പുരോഹിതരും നാട്ടുകാരും വിലക്കിയിട്ടും യുവതി നായയെ ഗംഗാ നദിയിൽ കുളിപ്പിക്കുന്നത് വീഡിയോയിൽ കാണാം. നാട്ടുകാർ ഇതിനെ ചോദ്യം ചെയ്തതോടെ യുവതി അവർക്കെതിരെ തർക്കത്തിന് മുതിർന്നു. ഒപ്പമുണ്ടായിരുന്ന യുവാവ് യുവതിയെ ശാന്തയാക്കാനും രംഗം ശാന്തമാക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഗംഗാ നദിയുടെ വിശുദ്ധി തകർക്കുന്ന പ്രവൃത്തിയിൽ നിന്ന് പിന്തിരിയണമെന്ന് പുരോഹിതർ ആവശ്യപ്പെട്ടെങ്കിലും യുവതി അത് ചെവിക്കൊണ്ടില്ല. ഇത് പുണ്യനദിയാണെന്നും ഇവിടെ നായയെ കുളിപ്പിക്കരുതെന്നും പൂജാരിമാരും അവിടെയുണ്ടായിരുന്ന മറ്റ് വിശ്വാസികളും ആവർത്തിച്ചു പറഞ്ഞിട്ടും സ്ത്രീ അത് അനുസരിക്കാൻ തയ്യാറാവാത്തതാണ് തർക്കത്തിന് കാരണം.
സംഭവം വഷളായതോടെ വലിയൊരു കൂട്ടം ആളുകൾ അവിടെ തടിച്ചുകൂടുകയും തർക്കം നീണ്ടുനിൽക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവ് പലതവണ ഇടപെട്ടെങ്കിലും യുവതി നായയെ കുളിപ്പിക്കുന്നത് തുടർന്നു. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം ഇരുവരും നായയുമായി അവിടെനിന്ന് മടങ്ങി. ഗംഗാ നദിയിൽ ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ടെങ്കിലും ചിലർ നാട്ടുകാരുടെ വികാരങ്ങളെ മാനിക്കാൻ തയ്യാറാകുന്നില്ലെന്ന് ഗംഗാ സഭ സെക്രട്ടറി ഉജ്ജ്വൽ പണ്ഡിറ്റ് പറഞ്ഞു.
വീഡിയോ പുറത്തുവന്നതോടെ ഇന്റർനെറ്റിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സർക്കാർ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ആളാണെന്ന് അവകാശപ്പെടുന്ന യുവതിയുടെ ഈ പ്രവർത്തി വിഡ്ഢിത്തമാണെന്ന് ചിലർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. എന്നാൽ പ്രകൃതി മൃഗങ്ങൾക്കും അവകാശപ്പെട്ടതാണെന്നും മനുഷ്യർ നദിയിൽ കുളിക്കുന്നത് പോലെ തന്നെ മൃഗങ്ങൾക്കും ഇതിന് അവകാശമുണ്ടെന്നും ചിലർ വാദിക്കുന്നു. നദിയിലേക്ക് പാലും മാലിന്യങ്ങളും വലിച്ചെറിയുന്നതിനെതിരെ പ്രതികരിക്കാത്തവർ നായയെ കുളിപ്പിക്കുമ്പോൾ മാത്രം എന്തിനാണ് രോഷം പ്രകടിപ്പിക്കുന്നതെന്നും ചിലർ ചോദിച്ചു.