01/05/2026
[fontresizer_tawhidurrahmandear_widget]

കല്യാണവീട്ടിലെ ഉച്ചത്തിലുള്ള ഡിജെ: തൊട്ടടുത്ത ഫാമിലെ 140 കോഴികൾ ചത്തു

 കല്യാണവീട്ടിലെ ഉച്ചത്തിലുള്ള ഡിജെ: തൊട്ടടുത്ത ഫാമിലെ 140 കോഴികൾ ചത്തു

ലഖ്‌നൗ: വിവാഹാഘോഷത്തിനിടെ അത്യുച്ചത്തിൽ വെച്ച ഡിജെ സംഗീതം കേട്ട് ഫാമിലെ നൂറുകണക്കിന് കോഴികൾ ചത്തു. ഉത്തർപ്രദേശിലെ സുൽത്താൻപുർ ജില്ലയിലുള്ള ദരിയാപുർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. ഡിജെയിൽ നിന്നുള്ള അമിത ശബ്ദവും പ്രകമ്പനവും മൂലമാണ് കോഴികൾ ചത്തതെന്ന് ഫാം ഉടമയായ സാബിർ അലി ആരോപിക്കുന്നു.

ഏപ്രിൽ 25-നാണ് കേസിനാസ്പദമായ സംഭവം. ഫാമിന് സമീപത്തുകൂടി കടന്നുപോയ വിവാഹഘോഷയാത്രയിൽ അത്യുച്ചത്തിലാണ് സംഗീതം വെച്ചിരുന്നത്. ഉയർന്ന ശബ്ദം കേട്ടതോടെ ഫാമിലെ കോഴികൾ പരിഭ്രാന്തരാകുകയും പരക്കം പായുകയും ചെയ്തു. ഇതിനു പിന്നാലെ 140 കോഴികൾ ചത്തുവീഴുകയായിരുന്നുവെന്ന് ബൽദിരായ് പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ സാബിർ അലി പറയുന്നു. കോഴികൾക്ക് ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ഡിജെ ഓപറേറ്ററായ കവി യാദവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പക്ഷികളിലും മൃഗങ്ങളിലും ഉയർന്ന ശബ്ദം കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്നും ഇത് അവയുടെ നാഡീവ്യൂഹത്തെ തകരാറിലാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻപ് ഒഡീഷയിലും സമാനമായ രീതിയിൽ ഡിജെ സംഗീതം കാരണം കോഴികൾ കൂട്ടത്തോടെ ചത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴികളുടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധനകൾ തുടരുകയാണെന്ന് സബ് ഇൻസ്പെക്‌ടർ ഭരത് സിങ് അറിയിച്ചു.

Also read: