ഭക്ഷണത്തിനും GST-ക്കും പുറമെ ഗ്യാസ് ചാർജും; ബില്ലിൽ 10% അധിക തുക കണ്ട് ഞെട്ടി ഉപഭോക്താവ്
രാജസ്ഥാൻ: റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ലഭിച്ച ബില്ലിൽ സാധാരണ നികുതികൾക്ക് പുറമെ ‘ഗ്യാസ് ചാർജ്’ കൂടി ചേർത്ത് തുക ഈടാക്കിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. രാജസ്ഥാനിലെ ജുഞ്ജുനുവിലുള്ള ഒരു റസ്റ്റോറന്റിൽ നിന്നുള്ള ബില്ലാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സെപ്റ്റംബർ 13-ന് X ഉപയോക്താവാണ് ബില്ലിന്റെ ചിത്രം പങ്കുവെച്ചത്. കുടുംബത്തോടൊപ്പം ഉച്ചഭക്ഷണത്തിനായി റസ്റ്റോറന്റിലെത്തിയ തങ്ങൾ ആകെ 10 വിഭവങ്ങളാണ് ഓർഡർ ചെയ്തതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
കഴിച്ച ഭക്ഷണത്തിന്റെ അടിസ്ഥാന തുക 1,250 രൂപയായിരുന്നു. ഇതിന് പുറമെ 2.5 ശതമാനം SGST ആയി 30.75 രൂപയും 2.5 ശതമാനം CGST ആയി 30.75 രൂപയും ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിനെല്ലാം പുറമെ 10 ശതമാനം ‘Gas’ എന്ന പേരിൽ പ്രത്യേക ചാർജ് കൂടി കണ്ടതോടെയാണ് ഉപഭോക്താവ് അമ്പരന്നത്.
ഭക്ഷണ തുകയായ 1,250 രൂപയുടെ 10 ശതമാനം കണക്കാക്കിയാൽ 125 രൂപയാണ് വരേണ്ടിയിരുന്നത്. എന്നാൽ, GST കൂടി ഉൾപ്പെടുത്തിയ 1,310 രൂപയുടെ അടിസ്ഥാനത്തിലാണ് 10 ശതമാനം ഗ്യാസ് ചാർജ് കണക്കാക്കിയതെന്നും, ഇതോടെ ആകെ ബിൽ തുക 1,443 രൂപയായെന്നും ഉപഭോക്താവ് ആരോപിക്കുന്നു.
ബില്ലിന്റെ ചിത്രം പുറത്തുവന്നതോടെ കടുത്ത പ്രതികരണങ്ങളുമായി നിരവധി പേർ രംഗത്തെത്തി. ‘ഗ്യാസ് ചാർജ്’ എന്ന പേരിൽ ഉപഭോക്താക്കളിൽ നിന്ന് തുക ഈടാക്കുന്നത് ആദ്യമായാണ് കാണുന്നതെന്നും സംഭവത്തിൽ പരാതി നൽകണമെന്നും ചിലർ അഭിപ്രായപ്പെട്ടു. റസ്റ്റോറന്റുകളിൽ പാചകത്തിന് ഉപയോഗിക്കുന്ന ഗ്യാസിന്റെ ചെലവ് എന്തിനാണ് ഉപഭോക്താക്കൾ വെവ്വേറെ നൽകുന്നത് എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
അതേസമയം, ബില്ലിൽ ഇത്തരത്തിൽ ചാർജ് ഈടാക്കുന്നത് നിയമപരമാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. ഇത് ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ പണം തട്ടിയെടുക്കാനുള്ള വഴി മാത്രമാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന വിമർശനം.
വിഷയത്തിൽ റസ്റ്റോറന്റ് അധികൃതരിൽ നിന്നോ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും, റസ്റ്റോറന്റുകൾ ഈടാക്കുന്ന ഇല്ലാത്ത അധിക ചാർജുകളെക്കുറിച്ചുള്ള ചർച്ച സജീവമായിരിക്കുകയാണ്.