യുപിയിൽ പൊലീസിന്റെ ക്രൂരത: ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നതിനിടെ ഗർഭിണിയുടെ വയറ്റിൽ ചവിട്ടി; പ്രസവത്തിനിടെ യുവതി മരിച്ചു, 6 പൊലീസുകാർക്ക് സസ്പെൻഷൻ
ഫിറോസാബാദ്: മോഷണക്കേസിൽ യുവാവിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ ക്രൂരത. കുറ്റാരോപിതന്റെ ഗർഭിണിയായ ഭാര്യയ്ക്ക് പൊലീസുകാരന്റെ ചവിട്ടേൽക്കുകയും, തുടർന്ന് അടിയന്തര പ്രസവത്തിന് വിധേയയായ യുവതി മരണപ്പെടുകയും ചെയ്തു. തിങ്കളാഴ്ച ജനിച്ച നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
ഉത്തർപ്രദേശിലെ ഫിറോസാബാദ് ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലഭാവ ഗ്രാമത്തിൽ ഞായറാഴ്ച അർധരാത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. മോഷണക്കേസിലെ പ്രതിയായ ഗൗരവ് (32) എന്നയാളെ അറസ്റ്റ് ചെയ്യാനായി എസ്.ഐ. ധർമപാൽ സിങ്ങിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തുകയായിരുന്നു. ഭർത്താവിനെ കൊണ്ടുപോകരുതെന്ന് അപേക്ഷിച്ച് തടയാൻ ശ്രമിച്ച ഗൗരവിന്റെ ഭാര്യ അഞ്ജലിയുടെ വയറ്റിൽ എസ്.ഐ ധർമപാൽ സിങ് ചവിട്ടിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഗൗരവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതിന് പിന്നാലെ ചവിട്ടേറ്റുവീണ അഞ്ജലിയെ കഠിനമായ വയറുവേദനയെത്തുടർന്ന് ബന്ധുക്കൾ ഷിക്കോഹാബാദിലെ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ ഇവർ ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ആരോഗ്യനില പെട്ടെന്ന് വഷളായി. തുടർന്ന് ഫിറോസാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ മരണവാർത്ത പുറത്തുവന്നതോടെ സമാജ് വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി റാംജിലാൽ സുമന്റെ നേതൃത്വത്തിൽ ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷനു മുന്നിൽ ഉപരോധം ആരംഭിച്ചു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമായതോടെ സംഭവം വൻ വിവാദമായി. തുടർന്നാണ് കേസിൽ അന്വേഷണവിധേയമായി ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്. എസ്.ഐമാരായ ധർമപാൽ സിങ്, സത്യപാൽ സിങ്, ഹെഡ് കോൺസ്റ്റബിൾമാരായ മോഹൻ സിങ്, അരവിന്ദ് കുമാർ, കോൺസ്റ്റബിൾമാരായ ഭവ്തോഷ് കുമാർ, കുൽദീപ് കുമാർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.