‘ഡാഡിക്ക് സന്തോഷമാവാനാണ് ഞങ്ങൾ ചിരിച്ചത്’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി സിന്ധു കൃഷ്ണ
അന്തരിച്ച പിതാവിനെ അനുസ്മരിച്ചുകൊണ്ട് കുടുംബാംഗങ്ങൾ ഹോട്ടലിൽ ഒത്തുചേർന്നതിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ രംഗത്ത്. പിതാവിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നതിന് പകരം എല്ലാവരും അണിഞ്ഞൊരുങ്ങി ചിരിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തു എന്നതായിരുന്നു വിമർശകരുടെ പ്രധാന ആരോപണം. എന്നാൽ, ഇതൊരു ‘ലൈഫ് സെലിബ്രേഷൻ’ ആയിരുന്നുവെന്നാണ് പുതിയ വിഡിയോയിലൂടെ സിന്ധു കൃഷ്ണ വ്യക്തമാക്കുന്നത്.
ഹോട്ടലിൽ വച്ചു നടന്നത് സഞ്ചയനമായാണ് പലരും കരുതിയിരുന്നത്. എന്നാൽ പിതാവിന്റെ സഞ്ചയന ചടങ്ങുകൾ കൃത്യമായി വീട്ടിൽ തന്നെ നടത്തിയിരുന്നുവെന്നും അതിനുശേഷമാണ് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഇങ്ങനെയൊരു ഒത്തുചേരൽ സംഘടിപ്പിച്ചതെന്നും സിന്ധു പറഞ്ഞു. വിദേശരാജ്യങ്ങളിലും നോർത്ത് ഇന്ത്യയിലുമൊക്കെ കണ്ടുവരുന്നതുപോലെ, നമ്മെ വിട്ടുപോയവർ നൽകിയ മനോഹരമായ നിമിഷങ്ങളെ പുഞ്ചിരിയോടെ ഓർത്തെടുക്കുന്ന രീതിയാണ് തങ്ങൾ സ്വീകരിച്ചത്. ജീവിതം അത്രമേൽ ആസ്വദിക്കുകയും എപ്പോഴും നന്നായി വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു ഡാഡിയെന്നും അവർ ഓർമ്മിച്ചു.
കരഞ്ഞ് ബഹളം വെച്ചിരിക്കാതെ, എല്ലാവരും ഡാഡിയുടെ ജീവിതത്തെ ഓർത്ത് പുഞ്ചിരിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. ഡാഡിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹോട്ടലിലായിരുന്നു ഇത് നടത്തിയത്. ഞങ്ങൾ ചിരിച്ചു കണ്ടാലേ ഡാഡിക്ക് സന്തോഷമാകൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രിയപ്പെട്ടവർ ചേർന്ന് അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചപ്പോൾ സ്വർഗത്തിലിരുന്ന് അദ്ദേഹം അത് ആസ്വദിക്കുന്നുണ്ടാകും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മരണത്തെക്കുറിച്ച് അദ്ദേഹത്തിന് ചില പേടികൾ ഉണ്ടായിരുന്നുവെന്നും പേരക്കുട്ടികളുടെ കല്യാണം കാണണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും സിന്ധു പറഞ്ഞു. എങ്കിലും ആരെയും ആശ്രയിക്കാതെ, ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചു തന്നെ സമാധാനമായി അദ്ദേഹം കടന്നുപോയത് ഒരു നല്ല ആത്മാവിന്റെ ലക്ഷണമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇനി തന്റെ വിഡിയോകളിൽ ഡാഡി ഉണ്ടാവില്ലെന്നത് വലിയ സങ്കടമാണെന്ന് പറഞ്ഞ സിന്ധു കൃഷ്ണ, ആ ഓർമ്മകൾ എന്നും കൂടെയുണ്ടാകുമെന്നും വ്യക്തമാക്കി.