28/07/2026
[fontresizer_tawhidurrahmandear_widget]

‘ടൊവിനോയ്ക്ക് മതാന്ധതയോ രാഷ്ട്രീയ അന്ധതയോ എന്ന് അറിയില്ല’; വിമർശനവുമായി കൃഷ്ണകുമാർ

 ‘ടൊവിനോയ്ക്ക് മതാന്ധതയോ രാഷ്ട്രീയ അന്ധതയോ എന്ന് അറിയില്ല’; വിമർശനവുമായി കൃഷ്ണകുമാർ

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് നടൻമാരായ ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർക്കെതിരെ വിമർശനവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ആക്രമണം ഒന്നിനും മറുപടിയല്ലെന്നും പ്രതിഷേധങ്ങൾ ശരിയായ രീതിയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട്, പൊതുമുതൽ നശിപ്പിക്കാത്ത കുട്ടികളെയാണോ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് എന്ന രീതിയിൽ ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിനെ പരാമർശിച്ചാണ് കൃഷ്ണകുമാറിന്റെ വിമർശനം. ടൊവിനോയ്ക്ക് മതാന്ധതയാണോ രാഷ്ട്രീയ അന്ധതയാണോ എന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ അദ്ദേഹം, പോലീസിന് നേരെ പെപ്പർ സ്പ്രേ അടിക്കുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും വ്യക്തമായ വീഡിയോകൾ ഉണ്ടെന്നും വ്യക്തമാക്കി. യൂണിഫോമിൽ നിൽക്കുന്നവരെ അങ്ങോട്ട് പോയി ആക്രമിക്കാനോ അവഹേളിക്കാനോ പാടില്ലെന്നും, സംഘർഷത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ ഫെയ്സ് റെക്കഗനിഷൻ സംവിധാനവും വാഹനങ്ങളിൽ നിന്നുള്ള ഫിംഗർ പ്രിന്റുകളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിച്ച നടൻ ജോജു ജോർജിനെയും അദ്ദേഹം വിമർശിച്ചു. ജോജു കോൺഗ്രസുകാരനാണെന്നും ഇത് അടുത്ത അടിയന്തരാവസ്ഥയാണെന്ന് പറയുന്നതിലൂടെ അടിയന്തരാവസ്ഥ കുഴപ്പമാണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുകയാണെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ശക്തമായ രീതിയിൽ തന്നെ പ്രതിഷേധിക്കണമെന്നും എന്നാൽ ആക്രമണം വഴി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വികസിത രാജ്യങ്ങളിലേത് പോലുള്ള സൗകര്യങ്ങൾ ഇന്ത്യയിലും വന്നുകൊണ്ടിരിക്കുകയാണെന്നും ഇത്തരം അക്രമ സംഭവങ്ങൾക്ക് പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.

Also read: