‘ജിജി തോംസൺ ന്യൂനപക്ഷ മോർച്ചയുടെ പരിപാടിക്കെത്തി മോദിയെ പുകഴ്ത്തി; പിന്നാലെ പദവിയും കിട്ടി’: വെളിപ്പെടുത്തലുമായി ബിജെപി നേതാവ്
തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ ഗ്യാനേഷ് കുമാർ ക്ഷണിച്ചെന്ന മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിലേക്ക് ജിജി തോംസണെ ക്ഷണിച്ചിരുന്നെന്നും മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞതുപ്രകാരമാണ് ക്ഷണിച്ചതെന്നും ജിജി ജോസഫ് വെളിപ്പെടുത്തി. അദ്ദേഹം താല്പര്യത്തോടെ പരിപാടിയിലെത്തി നരേന്ദ്ര മോദിയെക്കുറിച്ചും കേന്ദ്രസർക്കാരിന്റെ നടപടികളെക്കുറിച്ചും വാനോളം പുകഴ്ത്തി സംസാരിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ബി.ജെ.പി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ ജിജി തോംസണിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിച്ചുവെന്നും ജിജി ജോസഫ് ചൂണ്ടിക്കാട്ടി. ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന സംശയം തനിക്കുണ്ടെന്നും പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജിജി ജോസഫ് കുറിച്ചു.
ജിജി ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
“രാഷ്ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ പുറത്തു പറയരുതെന്നാണ് പറയാറ്. മുൻ ചീഫ് സെക്രട്ടറി കന്നംതിരിവ് കാണിച്ചതിനാൽ, ഈ അവസരത്തിൽ ഞാൻ അത് മാറ്റിവയ്ക്കുകയാണ്. ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ ജിജി തോംസണെ ഗ്യാനേഷ് കുമാർ ക്ഷണിച്ചു എന്നും ജയിച്ചാൽ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നാണല്ലോ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
കൊച്ചിയിൽ 2017 ജൂൺ 26-ന് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചു. ഞാനായിരുന്നു അന്ന് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്. കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവ് എന്നെ വിളിച്ചു. ജിജി തോംസണെ ഈ പരിപാടിക്ക് വിളിക്കണം, അദ്ദേഹം നമ്മോടൊപ്പം വരാൻ താല്പര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാൻ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം വരുകയും ശ്രീ നരേന്ദ്ര മോദിയെക്കുറിച്ചും കേന്ദ്രസർക്കാരിന്റെ നടപടികളെക്കുറിച്ചും വാനോളം പുകഴ്ത്തുകയും ചെയ്ത ആളാണ്.
ബി.ജെ.പി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിക്കുകയും ചെയ്തു. ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് വീണ്ടും ഓർമ്മിപ്പിച്ച മുൻ ചീഫ് സെക്രട്ടറിക്ക് നല്ല നമസ്കാരം.”