24/04/2026
[fontresizer_tawhidurrahmandear_widget]

ആമിനയുടെ ഖബറിന് കാവലായി തെരുവുനായ; മലപ്പുറത്തുനിന്നൊരു വൈറല്‍ കാഴ്ച

 ആമിനയുടെ ഖബറിന് കാവലായി തെരുവുനായ; മലപ്പുറത്തുനിന്നൊരു വൈറല്‍ കാഴ്ച

മലപ്പുറം: സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാൻ മനുഷ്യനെക്കാൾ ഒരുപടി മുന്നിലാണ് നായകളെന്നു വീണ്ടും തെളിയിക്കുകയാണ് മലപ്പുറത്തുനിന്നുള്ള ഒരു വൈറൽ വാർത്ത. തനിക്ക് അന്നമൂട്ടിയ വയോധികയുടെ അവസാന നിമിഷത്തിലും ഒടുവിൽ ഖബറിടത്തിലും കാവലായി നിലയുറപ്പിക്കുകയാണ് ഒരു തെരുവുനായ. അവരുടെ വിയോഗത്തിൽ വിങ്ങുന്ന മനസ്സുമായി അവരുടെ ഖബറിന് കാവലിരിക്കുകയാണ് ഈ നായ. മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയത്തുനിന്നാണ് ഈ കരളലിയിക്കുന്ന വാർത്ത വരുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പത്തപ്പിരിയം സ്വദേശി പരേതനായ വലിയ പീടിയക്കൽ അലവിക്കുട്ടിയുടെ ഭാര്യ ആമിന ഹൃദയാഘാതം സംഭവിച്ച് മരിച്ചത്. മകളുടെ വീട്ടിലേക്കു വിരുന്നുപോയ ആമിനത്ത മരുമകനൊപ്പം മടങ്ങും വഴിയായിരുന്നു സംഭവം. മരുമകൻ ഉമ്മയെ ഗേറ്റിനടുത്ത് ഇറക്കി മടങ്ങി. എന്നാൽ, വീട്ടുപടിക്കൽ വെച്ച് അവർ കുഴഞ്ഞു വീഴുകയായിരുന്നു.

ആമിന വീണുകിടക്കുന്നത് ആരും അറിഞ്ഞിരുന്നില്ല. ഈ സമയത്താണ് അവിടെയുണ്ടായിരുന്ന തെരുവുനായ അസാധാരണമായ രീതിയിൽ കുരച്ചു ബഹളം വയ്ക്കുകയും നാലുപാടും ഓടുകയും ചെയ്യുന്നത. നായയുടെ പെരുമാറ്റത്തിൽ സംശയം തോന്നി വീട്ടുകാരും അയൽവാസികളും ഓടിയെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ആമിനത്തയെ കണ്ടത്. എല്ലാവരും ഓടിക്കൂടി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആമിനയുടെ മരണശേഷമാണ് നാടിനെ കണ്ണീരണിയിക്കുന്ന കാഴ്ചകൾക്ക് പത്തപ്പിരിയം സാക്ഷ്യം വഹിച്ചത്. മയ്യിത്ത് നമസ്‌കാരത്തിനും കബറടക്കത്തിനുമായി പള്ളിയിലേക്ക് കൊണ്ടുപോയപ്പോൾ ഈ നായയും അവർക്കൊപ്പം കൂടി. കബറടക്കം കഴിഞ്ഞ് ബന്ധുക്കൾ മടങ്ങിയിട്ടും ഖബർസ്ഥാനിൽ തന്നെ നിലയുറപ്പിച്ച നായ, കഴിഞ്ഞ ഏതാനും ദിവസമായി അവിടെത്തന്നെ തുടരുകയാണ്. ആമിനത്തയുടെ മക്കളും പേരമക്കളും ഖബർ സന്ദർശനത്തിനായി എത്തുമ്പോൾ നായ അവർക്കൊപ്പം ഖബറിന് ചുറ്റും നിൽക്കുകയും അവർ മടങ്ങുന്നത് വരെ അവിടെ കാത്തുനിൽക്കുകയും ചെയ്യുന്നു.

ആമിനയുടെ വീട്ടിൽ വളർത്തുന്ന നായയല്ല ഇത് എന്നതാണ് ഏറെ ശ്രദ്ധേയം. എങ്കിലും, വിശന്നു വരുന്ന ഈ തെരുവുനായയ്ക്ക് എന്നും അവർ ഭക്ഷണം നൽകുമായിരുന്നു. തനിക്ക് അന്നം നൽകിയ വലിയ മനസ്സിനോടുള്ള നന്ദിയാണ് മരണം കഴിഞ്ഞിട്ടും ആ നായ പ്രകടിപ്പിക്കുന്നത്. ഈ നായയുടെ നന്ദി നിറഞ്ഞ പെരുമാറ്റം ഇപ്പോൾ സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്. വിശക്കുന്ന ജീവിക്ക് ഒരു നേരത്തെ ആഹാരം നൽകുന്നതിലൂടെ ലഭിക്കുന്ന പുണ്യം എത്ര വലുതാണെന്ന് ഈ മിണ്ടാപ്രാണി ലോകത്തിന് കാണിച്ചുതരുന്നു.

Also read: