55 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ മലപ്പുറത്തെ ജനനനിരക്ക്; മരണനിരക്കിൽ വർധനവ്, പുതിയ റിപ്പോർട്ട് പുറത്ത്
മലപ്പുറം: മലപ്പുറം ജില്ലയിലെ ജനനനിരക്ക് തുടർച്ചയായി കുറയുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിലത്തെ വിവരങ്ങൾ പ്രകാരം കഴിഞ്ഞ 55 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ജില്ലയിലെ ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മരണനിരക്കിൽ വർധനവ് പ്രകടമാണ്. എന്നാൽ ശിശുമരണനിരക്കും മാതൃമരണനിരക്കും സംസ്ഥാന ശരാശരിയെക്കാൾ ഏറെ താഴ്ന്ന നിലയിലാണെന്നത് ജില്ലയ്ക്ക് ആശ്വാസകരമാണ്.
ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച, 2024ലെ വാർഷിക വൈറ്റൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് റിപ്പോർട്ട് പ്രകാരം മലപ്പുറത്തെ ജനനനിരക്ക് 15.16 ആണ്. ഇതിനു മുൻപ് രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ ജനനനിരക്ക് 1971ലായിരുന്നു—12.77. ഈ കാലയളവിനിടയിലെ ഏറ്റവും ഉയർന്ന ജനനനിരക്ക് 1985ൽ രേഖപ്പെടുത്തിയ 31.08 ആണ്. കഴിഞ്ഞ 2019ന് ശേഷം ജില്ലയിലെ ജനനനിരക്ക് ഇരുപതിൽ താഴെയായി തുടരുകയാണ്. അതിൽത്തന്നെ 2022ന് ശേഷം നിരക്ക് തുടർച്ചയായി താഴേക്ക് പോകുന്നതായാണ് കാണുന്നത്.
ഒരു വർഷത്തിൽ ശരാശരി 1000 പേർക്കിടയിൽ ജനിക്കുന്നവരുടെയും മരിക്കുന്നവരുടെയും ആകെ കണക്കിനെയാണ് ജനന-മരണനിരക്കായി കണക്കാക്കുന്നത്. റിപ്പോർട്ട് പ്രകാരം 2024ൽ ജില്ലയുടെ മരണനിരക്ക് 5.24 ആണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2021ൽ രേഖപ്പെടുത്തിയ 6.26 ആണ് കഴിഞ്ഞ 55 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണനിരക്ക്. കോവിഡിന് മുൻപ് വരെ അഞ്ചിൽ താഴെയായി നിന്നിരുന്ന മരണനിരക്ക് ഇപ്പോൾ തുടർച്ചയായി അഞ്ചിനു മുകളിലാണ്.
അതേസമയം ആരോഗ്യരംഗത്തെ നേട്ടമായി ജില്ലയിലെ ശിശുമരണനിരക്ക് 2.99 ആയി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കുറവ് ശിശുമരണനിരക്കുള്ള ആദ്യ അഞ്ചു ജില്ലകളിലൊന്നാണ് മലപ്പുറം. കേരളത്തിന്റെ സംസ്ഥാന ശരാശരിയാകട്ടെ 5.03 ആണ്. ജില്ലയിലെ മാതൃമരണ അനുപാതം എട്ട് മാത്രമായി ചുരുങ്ങിയപ്പോൾ സംസ്ഥാന ശരാശരി 26 ആണ്. പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജില്ലയിലെ സ്ത്രീ-പുരുഷ അനുപാതം സംസ്ഥാന ശരാശരിക്കൊപ്പമെത്തി—969. അതായത് ജില്ലയിൽ 1000 പുരുഷൻമാർക്ക് 969 സ്ത്രീകൾ എന്ന നിലയിലാണ് ഇപ്പോഴുള്ളത്.