കാണാതായ പ്രമുഖ യൂട്യൂബര്‍ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി
ദിൽഷാദ്
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ പ്രമുഖ യൂട്യൂബറെ മേഘാലയയിൽ കണ്ടെത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ദിൽഷാദിനെയാണ് മേഘാലയയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ ബൈക്ക് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല.
‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ വ്ലോഗിംഗ് രംഗത്ത് ശ്രദ്ധേയനായ ദിൽഷാദിന് ധാരാളം ഫോളോവേഴ്‌സുണ്ട്. പുതിയ കണ്ടന്റുകൾക്കായി വിവിധ നാടുകളിലേക്ക് യാത്ര നടത്താറുള്ള ഇയാൾ, കഴിഞ്ഞ ആറാം തീയതിയാണ് യാത്രയുടെ ഭാഗമായി വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർച്ചയായി നാല് ദിവസം വിവരമൊന്നുമില്ലാതായതോടെ കുടുംബം തേഞ്ഞിപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടവിവരം ലഭ്യമായത്.