കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പെയ്ത മഴയിൽ റോഡ് നനഞ്ഞുകിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാരുടെ അനുമാനം.
നിയന്ത്രണം വിട്ട ബസ് സമീപത്തുണ്ടായിരുന്ന കാറിന് മുകളിലേക്കാണ് മറിഞ്ഞത്. തുടര്‍ന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ബസ് വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ നടുഭാഗം രണ്ടായി പിളർന്നു. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടയ്ക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.