ഹോം വർക്ക് ചെയ്തില്ല; അധ്യാപകൻ കുട്ടിയുടെ കൈ തല്ലിയൊടിച്ചെന്ന് പരാതി
മലപ്പുറം: ഹോം വർക്ക് ചെയ്യാത്തതിനെ തുടർന്ന് അധ്യാപകൻ കൈ തല്ലിയൊടിച്ചതായി പരാതി. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈക്കാണ് പൊട്ടലുള്ളത്. അടിച്ചതിനു ശേഷം ആ കൈകൊണ്ട് വീണ്ടും നിർബന്ധിപ്പിച്ച് ബോർഡിൽ എഴുതിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കുടുംബം പോലീസിലും ബാലവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.
കണക്ക് പഠിപ്പിക്കുന്ന അധ്യാപകനാണ് ചൂരൽ കൊണ്ട് അടിച്ചത്. പുറക് വശത്തുകൂടെ വന്ന് കൈപത്തിക്കാണ് അധ്യാപകൻ അടിച്ചത്. ശേഷം കൈ വീർത്തുവരുന്നത് കണ്ടതോടെ അധ്യാപകനും പ്രധാന അധ്യാപകനും ചേർന്ന് വീട്ടിൽ അറിയിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും സ്‌കൂൾ അധികൃതർ തയ്യാറായില്ല എന്നും വീട്ടുകാർ അറിയിച്ചു.