‘ജിന്ന് മുറിച്ച വാഴപ്പഴത്തിന് 2500 രൂപ’; മലപ്പുറത്തെ വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാരും യൂത്ത്‌ലീഗും ചേര്‍ന്ന് പൂട്ടിച്ചു
തിരൂർ: തിരുനാവായ കൊടക്കല്ല് ബന്ദർകടവിൽ പ്രവർത്തിച്ചിരുന്ന ‘കായൽപട്ടണം ജിന്ന് മഹ്ളറ’ എന്ന വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു. ആത്മീയ ചികിത്സയുടെ മറവിൽ നിരപരാധികളായ ആളുകളിൽ നിന്ന് വൻതുക തട്ടിയെടുക്കുന്നതിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു. ‘ജിന്ന് മുറിച്ച വാഴപ്പഴം’ എന്ന പേരിൽ ഇവിടെ നിന്ന് 2500 രൂപയ്ക്കായിരുന്നു വാഴപ്പഴം ലേലം ചെയ്ത് വിറ്റിരുന്നത്. ഇതിനു പിന്നിലെ തട്ടിപ്പ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി താജുദ്ദീൻ പല്ലാർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.പി ഹബീബ്, വൈറ്റ് ഗാർഡ് സ്റ്റേറ്റ് ക്യാപ്റ്റൻ സിറാജ് പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തട്ടിപ്പ് കേന്ദ്രത്തിലെത്തി ചോദ്യം ചെയ്തത്.
അനുയായികൾക്ക് 1000 രൂപ അടിസ്ഥാന വിലയിട്ട ‘മാന്ത്രിക വാഴപ്പഴം’ ഒടുവിൽ ലേലത്തിൽ 2500 രൂപയ്ക്കാണ് ഒരാൾ വാങ്ങിയത്. തൊലി കളയാതെ തന്നെ ഉള്ളിലെ പഴം കഷ്ണങ്ങളാക്കി മാറ്റിയ നിലയിലായിരുന്നു വാഴപ്പഴം ഉണ്ടായിരുന്നത്. ഇത് ‘ജിന്ന്’ മുറിച്ചതാണെന്നായിരുന്നു തട്ടിപ്പുസംഘം അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതിനു പിന്നിലെ രഹസ്യം സമൂഹമാധ്യമങ്ങളിലൂടെ പലരും അല്പം മുൻപ് തന്നെ പുറത്തുവിട്ടിരുന്നു. തൊലി കളയാത്ത പഴത്തിനുള്ളിലേക്ക് തയ്യൽ സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാൽ വളരെ എളുപ്പത്തിൽ പഴം കഷ്ണങ്ങളാക്കി മാറ്റാൻ കഴിയും. ഇതോടെ തട്ടിപ്പുസംഘത്തിനെതിരെ വ്യാപക പരിഹാസമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. സ്ഥലം സന്ദർശിച്ച് കേന്ദ്രം പൂട്ടിക്കാനെത്തിയ നാട്ടുകാർ ഒരു വാഴപ്പഴം നൽകി മൊബൈൽ ക്യാമറ ഓൺ ചെയ്ത് ജിന്നിനെക്കൊണ്ട് മുറിച്ചു കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ അതിന് കഴിയില്ലെന്ന മറുപടിയാണ് സംഘാടകർ നൽകിയത്.
മൂവാറ്റുപുഴ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ഇവിടെ ആത്മീയ നേതാവെന്ന വ്യാജേന തട്ടിപ്പിന് നേതൃത്വം നൽകുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ ‘ഖുതുബിയത് മജ്‌ലിസ്’ എന്ന പേരിൽ ഇവിടെ ആത്മീയ സദസ്സ് സംഘടിപ്പിച്ചു പോന്നു. രോഗമുക്തി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകളാണ് ഇതിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ തന്നെ സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നു. ഇവരിൽ നിന്നും വൻ തുകയാണ് സംഘം വ്യാജ വാഗ്ദാനങ്ങൾ നൽകി തട്ടിയെടുത്തിരുന്നത്.
മൂവാറ്റുപുഴ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്ന ഇയാൾ പിന്നീട് പാലക്കാടും കാസർകോടും മർമചികിത്സാ കേന്ദ്രങ്ങൾ നടത്തിയിരുന്നുവെന്നാണ് വിവരം. അവിടെയും കാര്യങ്ങൾ വിവാദമായതോടെയാണ് മലപ്പുറം ജില്ലയിലെ തിരുനാവായയിൽ ‘അബ്ബാസ് ജിന്ന്’ എന്ന പേരിൽ വ്യാജ മന്ത്രവാദവും അത്ഭുത ചികിത്സാ തട്ടിപ്പും ആരംഭിച്ചത്. മതവിശ്വാസങ്ങളെ ചൂഷണം ചെയ്ത് ആളുകളെ പറ്റിക്കുന്നതിനെതിരെ പ്രദേശവാസികൾക്കിടയിലും സോഷ്യൽ മീഡിയയിലും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ജിന്ന് ചികിത്സയുടെ പേരിൽ വൻതുക ഈടാക്കുന്നതിനെതിരെയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും വിവിധ സംഘടനകൾ രംഗത്തുവന്നതോടെ നാട്ടുകാർ ഒന്നടങ്കം സംഘടിച്ച് തട്ടിപ്പുസംഘത്തെ പൂട്ടിക്കുകയായിരുന്നു.