‘ആയുസ്സും ആരോഗ്യവുമുണ്ടെങ്കിൽ പിണറായി ഒരിക്കൽക്കൂടി കേരളത്തെ നയിക്കും’; ഇഡി കേസിൽ പ്രതിപക്ഷ നേതാവിന് പിന്തുണയുമായി സജി ചെറിയാൻ
കോഴിക്കോട്: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിൽ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം എം.എൽ.എ സജി ചെറിയാൻ. ആയുസ്സും ആരോഗ്യവും അനുവദിക്കുകയാണെങ്കിൽ പിണറായി വിജയൻ ഒരിക്കൽക്കൂടി കേരളത്തെ നയിക്കുമെന്നും, അതിനുള്ള കരുത്ത് പാർട്ടിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം കണ്ട ഏറ്റവും സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനെതിരെ ഇ.ഡി ഉന്നയിച്ച അഴിമതി ആരോപണങ്ങളെ സജി ചെറിയാൻ രൂക്ഷമായി വിമർശിച്ചു. നിയമാനുസൃതം നിലനിൽക്കില്ലെന്ന് വ്യക്തമായ കേസാണ് ഇ.ഡി ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ തലയിൽ വെച്ചുകൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “പിണറായി വിജയന് വെറും മൂന്ന് കോടി രൂപയുടെ വിലയേ ഉള്ളോ? ഈ മൂന്ന് കോടി രൂപ വിദേശത്തേക്ക് കടത്തിയെന്ന് പറയാൻ ഇ.ഡിക്ക് നാണമില്ലേ? മകൾ വഴി മൂന്ന് കോടി രൂപ വാങ്ങി എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ശ്ലേച്ഛമായ കാര്യമാണ്,” അദ്ദേഹം പറഞ്ഞു.
എൺപത് വയസ്സ് കഴിഞ്ഞ പിണറായി വിജയനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു. “ഇനി എന്തൊക്കെ വന്നാലും അദ്ദേഹത്തിന്റെ ഒരു രോമം പോലും തൊടാൻ ആർക്കും കഴിയില്ല. ഒരു മനുഷ്യനെ വേട്ടയാടി പച്ചമാംസം കരിക്കുകയാണ് ചിലർ ചെയ്യുന്നത്, എന്നിട്ട് അത് ആഘോഷിക്കുകയും ചെയ്യുന്നു. ഞങ്ങൾക്കദ്ദേഹത്തെ പൂർണ്ണ വിശ്വാസമാണ്,” സജി ചെറിയാൻ വ്യക്തമാക്കി.
മാധ്യമങ്ങൾക്കും യു.ഡി.എഫിനുമെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ഒരു മാധ്യമം മാത്രം പിണറായി വിജയനെതിരെ 6,583 തവണ ചർച്ചകൾ നടത്തിയെന്നും, മൂന്നാല് രാഷ്ട്രീയ നിരീക്ഷകരെ വെച്ച് നിരന്തരം അദ്ദേഹത്തെ വേട്ടയാടുകയാണെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷം കേന്ദ്ര സർക്കാരിനെതിരെ നിരന്തരം സമരം ചെയ്തത് ഇടതുപക്ഷമാണെന്നും, എന്നാൽ സി.പി.എമ്മിനെതിരെ യു.ഡി.എഫ് കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പിണറായി വിജയന്റെ മകളെ വിവാഹം കഴിച്ചതുകൊണ്ട് മാത്രമാണ് മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ഇ.ഡി ഈ കേസിൽ വേട്ടയാടുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണനും പ്രതികരിച്ചു.