സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
മുഹമ്മദ് ഇർഫാൻ
മലപ്പുറം: ഹണിമൂൺ ആഘോഷങ്ങൾക്കായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശിയായ നവവരൻ സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ എ.കെ മുഹമ്മദ് ഇർഫാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. പത്തുദിവസം മുൻപായിരുന്നു ഇർഫാന്റെ വിവാഹം കഴിഞ്ഞത്.
വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഇർഫാനും ഭാര്യയും ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചത്. കൊളംബോയിൽ നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള സ്‌കൂബ ഡൈവിങ് കേന്ദ്രത്തിൽ വെച്ചായിരുന്നു ദുരന്തം സംഭവിച്ചത്. ഡൈവിങ്ങിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ ഇർഫാനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടിലെ പൊതുപ്രവർത്തന രംഗത്ത് ഏറെ സജീവമായിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് ഇർഫാൻ. കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് വേങ്ങരയിൽ നിന്നും പുറത്തുവന്ന മാധ്യമ വാർത്തകളിലും ഇർഫാൻ സജീവ സാന്നിധ്യമായിരുന്നു. ഇർഫാന്റെ അപ്രതീക്ഷിത വിയോഗ വാർത്തയുടെ ഞെട്ടലിലാണ് നാട്. മൃതദേഹം എത്രയും വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ജനപ്രതിനിധികളുടെയും പ്രവാസി നേതാക്കളുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.