‘മലപ്പുറത്തെ തെരഞ്ഞെടുപ്പിൽ നിഗൂഢത!; ഇ.വി.എം കൃത്രിമത്തിന് ഏജൻസിയുമായി ലീഗ് ഇടപാട് നടത്തിയെന്ന് കെ.ടി. ജലീൽ
കെ.ടി. ജലീൽ
മലപ്പുറം: കഴിഞ്ഞ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പൊതുവെയും മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ചില നിഗൂഢതകൾ പ്രവർത്തിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി സി.പി.എം നേതാവ് കെ.ടി. ജലീൽ എം.എൽ.എ. ഈ നിഗൂഢതകളിൽ മുസ്ലിം ലീഗിന് വലിയ പങ്കുണ്ടെന്നും, വോട്ടിങ് യന്ത്രത്തിൽ (ഇ.വി.എം) കൃത്രിമം കാണിക്കാമെന്ന വാഗ്ദാനവുമായി എത്തിയ ഏജൻസിയും ലീഗ് നേതൃത്വവും തമ്മിൽ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും കെ.ടി. ജലീൽ ആരോപിച്ചു. ‘ന്യൂസ് കേരള മീഡിയ ഹൗസ്’ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജലീലിന്റെ ഈ വെളിപ്പെടുത്തലുകൾ.
കുന്നത്ത് മുഹമ്മദിന്റെ വെളിപ്പെടുത്തൽ ഉദ്ധരിച്ച് ജലീൽ
മങ്കടയിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കുന്നത്ത് മുഹമ്മദ് നേരത്തെ മുസ്ലിം ലീഗിൽ ആയിരുന്നപ്പോൾ തന്നോട് പറഞ്ഞ കാര്യങ്ങളാണ് കെ.ടി. ജലീൽ അഭിമുഖത്തിൽ പങ്കുവെച്ചത്. 2021-ലെ സംസ്ഥാന നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ഇ.വി.എമ്മിൽ കൃത്രിമം കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു ഏജൻസി എത്തിയിരുന്നുവെന്നും, ഇതിനായി ലക്ഷങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും കുന്നത്ത് മുഹമ്മദ് തന്നോട് പറഞ്ഞതായി ജലീൽ അവകാശപ്പെട്ടു.
ഈ ഏജൻസിയിലെ ആളുകളെ കുന്നത്ത് മുഹമ്മദാണ് മുസ്ലിം ലീഗിലെ വളരെ പ്രധാനപ്പെട്ട നേതാക്കളുടെ അടുത്ത് കൊണ്ടുപോയി പരിചയപ്പെടുത്തിയത്. എന്നാൽ, അതിനുശേഷം തന്നെ ആ ഭാഗത്തേക്ക് അടുപ്പിച്ചില്ലെന്നും, പിന്നീടുള്ള ഇടപാടുകളെല്ലാം ആ ഏജൻസിയും ലീഗ് നേതൃത്വവും തമ്മിലായിരുന്നുവെന്നും കുന്നത്ത് മുഹമ്മദ് പറഞ്ഞതായി ജലീൽ ആരോപിക്കുന്നു.
മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ വലിയ സാധ്യതയുണ്ടെന്നാണ് ജലീലിന്റെ വാദം. “ഇവിടെ സി.പി.എമ്മുകാരല്ലാത്ത ഒരുപാട് ലീഗ് വിരുദ്ധരുണ്ട്. ആ വിയോജിപ്പുള്ള ആളുകളുടെ വോട്ടുകളൊന്നും ഫലത്തിൽ കാണുന്നില്ല. അവരൊക്കെ ലീഗിന് വോട്ട് ചെയ്തുവെന്നാണ് നമ്മൾ അനുമാനിക്കേണ്ടത്. മരിച്ചാലും അവർ ലീഗിന് വോട്ട് ചെയ്യില്ല. എന്നാൽ മുസ്ലിം ഏകീകരണ വോട്ട് എന്നും പറഞ്ഞാണ് ഇത് ന്യായീകരിക്കപ്പെടുന്നത്,” കെ.ടി. ജലീൽ അഭിമുഖത്തിൽ പറഞ്ഞു.