24/11/2026
[fontresizer_tawhidurrahmandear_widget]

മെഗാ കേബിൾ ഫെസ്റ്റ് 2026: നവംബർ 26 മുതൽ കൊച്ചിയിൽ

 മെഗാ കേബിൾ ഫെസ്റ്റ് 2026: നവംബർ 26 മുതൽ കൊച്ചിയിൽ

കൊച്ചി: ഡിജിറ്റൽ കേബിൾ, ബ്രോഡ്കാസ്റ്റ്, ബ്രോഡ്ബാൻഡ് മേഖലകളിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ ‘മെഗാ കേബിൾ ഫെസ്റ്റ് 2026’ നവംബർ 26, 27, 28 തീയതികളിൽ കൊച്ചിയിൽ നടക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മൂന്ന് ദിവസത്തെ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

ഫെസ്റ്റിന്റെ 24-ാം പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. പ്രമുഖ ബ്രോഡ്കാസ്റ്റർമാരുടെയും സാങ്കേതിക കമ്പനികളുടെയും സ്റ്റാളുകൾ, മീഡിയ-ടെക്നോളജി സെമിനാറുകൾ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടാകും.

1990-കളുടെ തുടക്കത്തിലാണ് ഇന്ത്യയിൽ കേബിൾ ടിവി വിപ്ലവത്തിന് തുടക്കമാകുന്നത്. 1991-ലെ ഗൾഫ് യുദ്ധത്തിന്റെ തത്സമയ ദൃശ്യങ്ങൾ സി.എൻ.എൻ ചാനലിലൂടെ വീടുകളിലെത്തിയതോടെയാണ് രാജ്യത്ത് കേബിൾ ടിവിക്ക് വലിയ സ്വീകാര്യത ലഭിച്ചത്. തൊട്ടുപിന്നാലെ സ്റ്റാർ ടിവി, സീ ടിവി എന്നിവ കൂടി എത്തിയതോടെ ദൂരദർശൻ മാത്രം കണ്ടിരുന്ന പ്രേക്ഷകർക്ക് മുന്നിൽ വിനോദത്തിന്റെയും വാർത്തകളുടെയും പുതിയ ലോകം തുറന്നു.

1992-93 കാലഘട്ടത്തിലാണ് കേരളത്തിലെ നഗരങ്ങളിലും പിന്നീട് ഗ്രാമങ്ങളിലും കേബിൾ ടിവി ശൃംഖലകൾ സജീവമായത്. 1993-ൽ ഏഷ്യാനെറ്റ് സംപ്രേഷണം ആരംഭിച്ചതോടെ മലയാളികൾക്ക് സ്വന്തം ഭാഷയിൽ ആദ്യത്തെ സ്വകാര്യ സാറ്റലൈറ്റ് ചാനൽ ലഭ്യമായി. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുടെ ചെറിയ ശൃംഖലകളിലൂടെ വീടുകളിലേക്ക് എത്തിയ ഈ സംവിധാനം പിന്നീട് ഡിജിറ്റൽ കേബിളായും, ഇന്ന് അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, ഒ.ടി.ടി സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഡിജിറ്റൽ ശൃംഖലയായും വളർന്നു.

Also read: