മമതയെ കൈവിടാതെ ജനം; തൃണമൂൽ രക്തസാക്ഷി ദിന റാലിയിൽ ഞെട്ടിച്ച് വൻ ജനക്കൂട്ടം, വിമത റാലി ‘ചീറ്റിപ്പോയി’ | Mamata in TMC Martyrs Day Rally
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത പരാജയവും പാർട്ടിയിലെ പ്രമുഖരുടെ കൂട്ടക്കൊഴിഞ്ഞുപോക്കും തീർത്ത വലിയ രാഷ്ട്രീയ ആഘാതങ്ങൾക്കിടയിലും പശ്ചിമ ബംഗാളിലെ ജനഹൃദയങ്ങളിൽ മമത ബാനർജിയുടെ ആധിപത്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസിന്റെ ശക്തിപ്രകടനം(Mamata in TMC Martyrs Day Rally). ഇന്നു നടന്ന വാർഷിക രക്തസാക്ഷി ദിന റാലിയാണ് മമതയുടെയും തൃണമൂലിന്റെയും ശക്തിപ്രകടന വേദി കൂടിയായി മാറിയത്. അതേസമയം, വിമത എംഎൽഎമാരും എംപിമാരും ചേർന്ന് കൊൽക്കത്തയിലും ഡൽഹിയിലുമായി നടത്തിയ രണ്ട് രക്തസാക്ഷി ദിന പരിപാടിയും ആളെക്കൂട്ടാനാകാതെ നിറംമങ്ങുകയും ചെയ്തു.
കരുത്തറിയിച്ച് മമത | Mamata in TMC Martyrs Day Rally
വർഷങ്ങളായി ജൂലൈ 21-ന് തൃണമൂൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന രക്തസാക്ഷി ദിന റാലി പാർട്ടിക്ക് വെറുമൊരു അനുസ്മരണച്ചടങ്ങല്ല. മറിച്ച് തങ്ങളുടെ രാഷ്ട്രീയ കരുത്ത് വിളംബരം ചെയ്യുന്ന വേദിയാണ്. എന്നാൽ, ഇത്തവണ ബി.ജെ.പി അധികാരം പിടിച്ചെടുക്കുകയും, പാർട്ടി പിളർപ്പിന്റെ വക്കിലെത്തുകയും ചെയ്തതോടെ മമതയുടെ രാഷ്ട്രീയ കരിയറിലെ തന്നെ ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു ഈ റാലി.
രക്തസാക്ഷി ദിനാചരണത്തിൻരെ ഭാഗമായി വിമത നേതാക്കളുടെ നേതൃത്വത്തിൽ കൊണ്ടുപിടിച്ച പ്രചാരണങ്ങളും നടന്നിരുന്നു. ഇതിന് ബിജെപിയുടെയും ഭരണകൂടത്തിന്റെയും അളവറ്റ പിന്തുണയും ലഭിച്ചു. എന്നാൽ, എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട് കൊൽക്കത്തയിലെ സെൻട്രൽ അവന്യൂവും ധർമതലയും പുരുഷാരത്താൽ നിറഞ്ഞു കവിഞ്ഞു. അധികാരം നഷ്ടപ്പെട്ടെങ്കിലും ബംഗാളിലെ സാധാരണക്കാരായ മനുഷ്യർക്ക് ഇപ്പോഴും തൃണമൂലിന്റെ ഏക നേതാവ് മമത ബാനർജി തന്നെയാണെന്ന് റാലിയിലെ ജനപങ്കാളിത്തം തെളിയിച്ചു.
റാലിയിൽ നടത്തിയ പ്രസംഗത്തിൽ പതിവ് പോലെ കേന്ദ്ര സർക്കാരിന്റെ ഭരണകൂട ഭീകരതയെയും കുതിരക്കച്ചവട രാഷ്ട്രീയത്തെയും രൂക്ഷമായി വിമർശിച്ച് മമത ആഞ്ഞടിച്ചു. ‘എന്നെ തകർക്കാൻ നോക്കുന്നവർ ബംഗാളിന്റെ മണ്ണിലാണ് നിൽക്കുന്നത് എന്ന് ഓർക്കുന്നത് നന്നായിരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. പാർട്ടി വിട്ടുപോയ പ്രമുഖരെല്ലാം സ്വാർത്ഥരും അവസരവാദികളുമാണെന്നും അവരെ ജനങ്ങൾ തെരുവിൽ നേരിടുമെന്നും അവർ മുന്നറിയിപ്പ് നൽകി.
വിമത തൃണമൂൽ അമ്പേ പരാജയം: ചോർന്നത് അണികളല്ല, നേതാക്കൾ മാത്രം | Mamata in TMC Martyrs Day Rally
തൃണമൂൽ കോൺഗ്രസിൽനിന്ന് എം.എൽ.എമാരെയും എം.പിമാരെയും ചോർത്തി സമാന്തര ശക്തിയായി വളരാൻ ശ്രമിച്ച റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത തൃണമൂൽ പക്ഷത്തിന് ഈ രക്തസാക്ഷി ദിനം വലിയൊരു തിരിച്ചടിയായും മാറി. പാർട്ടിയിലെ ഭൂരിഭാഗം ജനപ്രതിനിധികളും തങ്ങൾക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ട വിമത നേതാക്കൾ സംഘടിപ്പിച്ച സമാന്തര പരിപാടികളിൽ അണികളുടെ പങ്കാളിത്തം തികച്ചും നിരാശാജനകമായിരുന്നു. നിയമസഭയിലും പാർലമെന്റിലും അംഗബലം കാണിക്കാൻ സാധിച്ചെങ്കിലും, തൃണമൂലിന്റെ പരമ്പരാഗത വോട്ട് ബാങ്കിനെയോ താഴേത്തട്ടിലുള്ള പ്രവർത്തകരെയോ തങ്ങളിലേക്ക് ആകർഷിക്കാൻ വിമതർക്ക് സാധിച്ചിട്ടില്ല.
മമത ബാനർജി എന്ന വികാരമില്ലാതെ തൃണമൂൽ അണികൾ തെരുവിലിറങ്ങില്ലെന്ന് ഈ റാലി വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന വിമതർക്ക് വെറുമൊരു ‘എം.എൽ.എ ക്ലബ്ബ്’ എന്നതിനപ്പുറം ബംഗാൾ രാഷ്ട്രീയത്തിൽ സ്വന്തമായി വേരൂന്നാൻ കഴിയില്ലെന്നാണു രക്തസാക്ഷി ദിനത്തിലെ റാലികൾ വിളിച്ചോതുന്നത്. ജനപ്രതിനിധികൾ പാർട്ടി വിട്ടുപോയെങ്കിലും അവരുടെ മണ്ഡലങ്ങളിൽനിന്നുള്ള അണികളും പ്രാദേശിക പ്രവർത്തകരും മമതയുടെ റാലിയിലേക്ക് ഒഴുകിയെത്തിയത് വിമത ക്യാമ്പുകളെ ഭയത്തിലാഴ്ത്തുകയും ചെയ്യുന്നുണ്ട്.
അപ്രതീക്ഷ തിരിച്ചു വരവുമായി കോൺഗ്രസ്; ഞെട്ടിച്ച് ശക്തിപ്രകടനം | Mamata in TMC Martyrs Day Rally
ഇത്തവണത്തെ രക്തസാക്ഷി ദിന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ആശ്ചര്യം കോൺഗ്രസ് നടത്തിയ വൻ റാലിയും ബഹുജന മുന്നേറ്റവുമാണ്. വർഷങ്ങളായി ബംഗാളിൽ സ്വാധീനം നഷ്ടപ്പെട്ട് നാമമാത്രമായി ചുരുങ്ങിയിരുന്ന കോൺഗ്രസ്, നിലവിലെ രാഷ്ട്രീയ അസ്ഥിരത മുതലാക്കി ശക്തമായി രംഗത്തുവരുന്ന കാഴ്ചയ്ക്കാണ് കൊൽക്കത്ത സാക്ഷ്യം വഹിച്ചത്.
തൃണമൂലിന്റെ തകർച്ചയിലും ബി.ജെ.പിയുടെ ഭരണത്തിലും നിരാശരായ മതനിരപേക്ഷ വോട്ടർമാരെയും മുസ്ലിം ന്യൂനപക്ഷങ്ങളെയും ആ ആകർഷിക്കാൻ കോൺഗ്രസിന് സാധിക്കുന്നുണ്ട്. പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണകളിലും പ്രകടനങ്ങളിലും വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. തൃണമൂലിനും ബി.ജെ.പിക്കും ബദലായി തങ്ങൾ വളരുമെന്ന് പ്രതീക്ഷിച്ച ഇടതുപക്ഷത്തിന് തിരിച്ചടിയ നൽകിക്കൊണ്ടാണ് കോൺഗ്രസ് പെട്ടെന്ന് കളത്തിൽ ആധിപത്യം സ്ഥാപിക്കുന്നത്.
1993 ജൂലൈ 21-ന് അന്നത്തെ സി.പി.എം സർക്കാരിന്റെ വോട്ടർ തിരിച്ചറിയൽ കാർഡ് നയത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന റാലിക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. അന്നു കൊല്ലപ്പെട്ട പ്രവർത്തകരുടെ ഓർമയ്ക്കായാണ് തൃണമൂൽ കോൺഗ്രസ് വർഷം തോറും ജൂലൈ 21 രക്തസാക്ഷി ദിനമായി ആചരിക്കുന്നത്.