09/08/2026
[fontresizer_tawhidurrahmandear_widget]

‘മാഗി ഉണ്ടാക്കുന്നതുപോലെയാണ് കേന്ദ്രം പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതെന്ന് ഡെറിക് ഒബ്രിയൻ; ചർച്ച കുറയാൻകാരണം പ്രതിപക്ഷ ബഹളമെന്ന് റിജിജു

 ‘മാഗി ഉണ്ടാക്കുന്നതുപോലെയാണ് കേന്ദ്രം പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നതെന്ന് ഡെറിക് ഒബ്രിയൻ; ചർച്ച കുറയാൻകാരണം പ്രതിപക്ഷ ബഹളമെന്ന് റിജിജു

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ചർച്ചകളൊന്നുമില്ലാതെ തിടുക്കപ്പെട്ട് ബില്ലുകൾ പാസാക്കുന്ന കേന്ദ്ര സർക്കാർ രീതിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം. മാഗി ന്യൂഡിൽസ് തയാറാക്കുന്ന വേഗത്തിലാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ ബില്ലുകൾ പാസാക്കിയെടുക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ഡെറിക് ഒബ്രിയൻ കുറ്റപ്പെടുത്തി. അതിപ്രധാനമായ ബില്ലുകളാണ് ഇത്തരത്തിൽ ഒരുവിധ കൂടിയാലോചനകളുമില്ലാതെ മിനിറ്റുകൾക്കുള്ളിൽ സഭയിൽ പാസാക്കുന്നതെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.

സുപ്രീംകോടതി (ന്യായാധിപരുടെ എണ്ണം) ഭേദഗതി ബിൽ വെറും നാല് മിനിറ്റ് കൊണ്ടാണ് പാസാക്കിയത്. ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, ടാക്സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബിൽ എന്നിവയാകട്ടെ വെറും മൂന്ന് മിനിറ്റുകൾ വീതം മാത്രമെടുത്താണ് സഭ കടത്തിയത്. ബി.ജെ.പി പാർലമെന്റിനെ പരിഹസിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും പാർലമെന്റ് തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും നിയമനിർമാണ നടപടികൾ തടസ്സമില്ലാതെ മുന്നോട്ടുപോകുന്നുണ്ടെന്നുമുള്ള കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഡെറിക്.

അതേസമയം സഭയിൽ ചർച്ചകളുടെ സമയം കുറഞ്ഞതിന് കാരണം പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളികളും ബഹളങ്ങളുമാണെന്നാണ് കിരൺ റിജിജു വിശദീകരിച്ചത്. ഇതിന്റെ പൂർണ ഉത്തരവാദിത്വം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കാണെന്നും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ നിലവിൽ യാതൊരു നിർദേശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: