വിവാഹ വാഗ്ദാനം നൽകി പീഡനം: വനിതാ നേതാവിന്റെ പരാതിയിൽ തമിഴ്‌നാട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയെ പുറത്താക്കി
ചെന്നൈ: വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി കറുപ്പ് എം. മുരുകാനന്ദത്തെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കി. വിവാഹ വാഗ്ദാനം നൽകി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് പാർട്ടി ഭാരവാഹിയായ വനിതാ നേതാവാണ് പരാതി നൽകിയത്. പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ച മുരുകാനന്ദത്തെ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ അറിയിച്ചു.
വിവാഹം കഴിക്കാമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീരംഗത്ത് നിന്ന് മത്സരിക്കാൻ രാഷ്ട്രീയ പിന്തുണ നൽകുമെന്നും മുരുകാനന്ദം വാഗ്ദാനം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. ശാരീരികവും മാനസികവുമായ പീഡനം, നിർബന്ധിത ഗർഭഛിദ്രം, തനിക്കും മക്കൾക്കും എതിരെയുള്ള ഭീഷണികൾ എന്നിവ നടന്നു എന്നും ആരോപണമുണ്ട്. തനിക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും കൃത്രിമമായി നിർമിച്ച ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും ആരോപണവിധേയനായ മുരുകാനന്ദം എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം നിഷേധിച്ച അദ്ദേഹം വിഷയം നിയമപരമായി നേരിടുമെന്നും അറിയിച്ചു.
ഔദ്യോഗികമായി യാതൊരു അന്വേഷണവും നടത്താതെയാണ് തന്നെ ചുമതലകളിൽ നിന്ന് നീക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുമായുള്ള തന്റെ മൂന്ന് പതിറ്റാണ്ടിലേറെയുള്ള ബന്ധത്തിൽ ഇതുവരെ യാതൊരു പരാതിയും ഉയർന്നിട്ടില്ലെന്നും, പാർട്ടിയുടെ അച്ചടക്ക സമിതി അന്വേഷിക്കാതെയാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന ചുമതലയുള്ള അരവിന്ദ് മേനോൻ എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാമെന്ന് അവർ ഉറപ്പുനൽകിയതായും മുരുകാനന്ദം പറഞ്ഞു. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ തഞ്ചാവൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു മുരുകാനന്ദം. എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടു. കൂടാതെ, മുരുകാനന്ദം ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.