02/09/2026
[fontresizer_tawhidurrahmandear_widget]

വിദ്വേഷ പ്രസംഗ കേസ്: സമൻസ് ലഭിച്ചിട്ടും ഹാജരായില്ല; മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

 വിദ്വേഷ പ്രസംഗ കേസ്: സമൻസ് ലഭിച്ചിട്ടും ഹാജരായില്ല; മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

മഹുവ മൊയ്ത്ര

കല്യാണി: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പശ്ചിമ ബംഗാളിലെ തൃണമൂൽ എം.പി മഹുവ മൊയ്ത്രക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നദിയ ജില്ലയിലെ കൃഷ്ണ‌നഗർ തേഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഓഗസ്റ്റ് 28-നകം വാറണ്ട് നടപ്പാക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് അധികൃതർക്ക് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.

സ്ത്രീത്വത്തെ അപമാനിക്കൽ, വിദ്വേഷ പ്രസംഗം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് മഹുവ മൊയ്ത്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത‌ിരുന്നത്. കേസിൽ നേരിട്ട് ഹാജരാകാൻ കോടതി പലതവണ സമൻസ് അയച്ചിരുന്നെങ്കിലും അവർ എത്തിയിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചൊവ്വാഴ്‌ചയും ഹാജരാകാത്തതിനെ തുടർന്ന് ബുധനാഴ്‌ച നിർബന്ധമായും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും എം.പി എത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

“കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിക്കുന്ന പ്രതിയുടെ സമീപനം നിയമവ്യവസ്ഥയോടുള്ള അനാദരവും അലസതയുമാണ് കാണിക്കുന്നത്. അതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയല്ലാതെ കോടതിക്ക് മുന്നിൽ മറ്റ് വഴികളില്ല,” – മജിസ്ട്രേറ്റ് ഉത്തരവിൽ വ്യക്തമാക്കി.

മഹുവ മൊയ്ത്ര ഒരു ഘട്ടത്തിലും കോടതിയിൽ നേരിട്ട് ഹാജരാകില്ലെന്ന് അവരുടെ അഭിഭാഷകൻ വ്യക്തമാക്കിയതായും കോടതി ചൂണ്ടിക്കാട്ടി. കോടതി വളപ്പിന് പുറത്തുവെച്ച് എം.പിക്ക് നേരെ പ്രതിഷേധക്കാരുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയും അഭിഭാഷകൻ മുന്നോട്ടുവെച്ചിരുന്നു. നേരത്തെ, സുരക്ഷാ ഭീഷണിയുണ്ടെന്നും വിർച്വൽ വഴി ഹാജരാകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഹുവ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. “സ്വാതന്ത്ര്യസമര സേനാനികൾ വെടിയുണ്ടകളെ നേരിട്ടപ്പോൾ ഒരു ജനപ്രതിനിധിയായ നിങ്ങൾ മുട്ടയേറിനെയാണോ ഭയപ്പെടുന്നത്” എന്ന് ജസ്റ്റിസ് ദിപാങ്കർ ദത്ത അന്ന് രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

2025 ആഗസ്റ്റിൽ നദിയയിൽ വെച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴിയുള്ള അനധികൃത നുഴഞ്ഞുകയറ്റത്തെക്കുറിച്ച് സംസാരിക്കവെ മഹുവ മൊയ്ത്ര നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.

Also read: