04/08/2026
[fontresizer_tawhidurrahmandear_widget]

‘ഭീഷണിക്ക് വഴങ്ങരുത്, ക്ഷമ പറയരുത്’; മോദിയുടെ ഫേസ്ബുക് വിഡിയോ വിവാദത്തിൽ മെറ്റയോട് മഹുവ മൊയ്ത്ര

 ‘ഭീഷണിക്ക് വഴങ്ങരുത്, ക്ഷമ പറയരുത്’; മോദിയുടെ ഫേസ്ബുക് വിഡിയോ വിവാദത്തിൽ മെറ്റയോട് മഹുവ മൊയ്ത്ര

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക് വിഡിയോ താൽക്കാലികമായി നീക്കം ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന് സോഷ്‌യൽ മീഡിയ ഭീമന്മാരായ മെറ്റയോട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വിഷയത്തിൽ പാർലമെന്ററി പാനലിനോട് ക്ഷമാപണം നടത്താൻ മെറ്റ തയാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ അഭിസംബോധന ചെയ്ത് മഹുവ രംഗത്തെത്തിയത്.

“ഹലോ മാർക്ക്, ദയവായി ഭീഷണിയിൽ വീഴരുത്, ആരോടും ക്ഷമ ചോദിക്കുകയുമരുത്. ഇന്ത്യൻ സർക്കാർ എല്ലായ്പ്പോഴും പൗരന്മാരെ ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. വിമർശിക്കുന്ന ഉള്ളടക്കം ഇഷ്ടാനുസരണം നീക്കം ചെയ്യുന്നു. ഒരു വിഡിയോ കുറച്ച് മണിക്കൂറുകൾ തെറ്റായി നീക്കം ചെയ്‌താൽ ആകാശം ഇടിഞ്ഞുവീഴില്ല” എന്ന് മഹുവ എക്‌സിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിലെ വിഡിയോ നീക്കം ചെയ്തത് സാങ്കേതിക പിഴവാണെന്ന് വ്യക്തമാക്കി മെറ്റ ഖേദം പ്രകടിപ്പിക്കുകയും പോസ്റ്റ് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ, മെറ്റയുടെ ആഗോള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. തുടർന്ന് പാർലമെന്ററി സമിതി കണ്ടന്റ് മോഡറേഷൻ, അൽഗോരിതമിക് പക്ഷപാതം, സാങ്കേതിക പിഴവുകൾ എന്നിവയിൽ വിശദീകരണം തേടുകയും ചെയ്തതോടെയാണ് മെറ്റ ക്ഷമാപണത്തിന് തയാറായത്.

ഇന്ത്യയിൽ കേന്ദ്ര സർക്കാർ സമൂഹമാധ്യമ കമ്പനികൾക്ക് മേൽ നിരന്തരം സമ്മർദം ചെലുത്തുകയാണെന്നും, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെയും പ്ലാറ്റ്‌ഫോമുകളുടെ സ്വതന്ത്ര പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മഹുവ ആരോപിച്ചു.

Also read: