‘സമാധാനപരമായ പ്രതിഷേധത്തെ ഇങ്ങനെയല്ല നേരിടേണ്ടത്, ജനാധിപത്യത്തിലുള്ള വിശ്വാസം ചോർന്നുപോകുന്നു’ -സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി ടൊവിനോ തോമസ്
കൊച്ചി: പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ രൂക്ഷവിമർശനവുമായി നടൻ ടൊവിനോ തോമസ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നേരിടേണ്ട രീതി ഇതല്ലെന്നും, ഇത്തരം നടപടികൾ ജനാധിപത്യത്തിലുള്ള വിശ്വാസം ചോർത്തിക്കളയുമെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചു.
ശരിയും തെറ്റും ആപേക്ഷികമായിരിക്കാമെങ്കിലും, രാജ്യത്തിന്റെ ഭാവിയായ യുവതലമുറ ശബ്ദമുയർത്തുമ്പോൾ അതിനെ അടിച്ചമർത്തുന്നത് ഭാവിയെ നശിപ്പിക്കുന്നതിന് തുല്യമാണെന്ന് ടൊവിനോ വ്യക്തമാക്കി. വിദ്യാർഥികൾ പൊതുമുതൽ നശിപ്പിക്കുകയോ അക്രമം അഴിച്ചുവിടുകയോ ചെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണ് അവരോട് ഇങ്ങനെ പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു.
നീതിക്കായി സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും തന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച നടൻ, വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ലെന്നും അതിന്റെ അടിസ്ഥാന ശിലകളിലൊന്നാണെന്നും ഓർമ്മിപ്പിച്ചു. തന്റെ ദേശീയബോധത്തെ ചോദ്യം ചെയ്യാൻ വരുന്നവരോട് തന്റെ രാഷ്ട്രീയം മനുഷ്യത്വവും വിശ്വാസം സമാധാനവുമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
കഴിഞ്ഞ ഒരു മാസമായി ഡൽഹി ജന്തർമന്തറിൽ സി.ജെ.പി.യുടെ നേതൃത്വത്തിൽ രാപകൽ സമരം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിലാണ് വൻ സംഘർഷമുണ്ടായത്. മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് യുവാക്കളെ പോലീസ് ലാത്തിച്ചാർജ് ചെയ്യുകയും അവർക്കുനേരെ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
നൂറിലധികം പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു. അതേസമയം, സംഘർഷത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടായെന്നും അമ്പതിലധികം പോലീസുകാർക്ക് പരിക്കേറ്റതായും ഡൽഹി പോലീസ് അറിയിച്ചു. നിലവിൽ ഡൽഹിയിലും അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.