29/07/2026
[fontresizer_tawhidurrahmandear_widget]

‘വെടിവെപ്പ് നടന്നിട്ടില്ല, പിന്നെ ഉത്തരവിട്ടതാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല’- ജിതേന്ദ്ര സിങ്

 ‘വെടിവെപ്പ് നടന്നിട്ടില്ല, പിന്നെ ഉത്തരവിട്ടതാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല’- ജിതേന്ദ്ര സിങ്

ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. അത്തരമൊരു സംഭവം നടക്കാത്ത സാഹചര്യത്തിൽ ആരാണ് വെടിവെക്കാൻ ഉത്തരവിട്ടത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.

പ്രതിഷേധക്കാർക്ക് നേരെ ടിയർ ഗ്യാസാണ് പ്രയോഗിച്ചതെന്നും വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു പ്രതിഷേധമുണ്ടായാൽ വെടിവെക്കാൻ ഉത്തരവിടാനുള്ള അധികാരം മജിസ്ട്രേറ്റിനാണുള്ളത്, അല്ലാതെ മന്ത്രിക്കല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെൻ്ററി നിയമങ്ങൾ ലംഘിച്ചതായും മന്ത്രി ആരോപിച്ചു.

കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായാണ് വെടിയുതിർക്കാൻ ഉത്തരവിട്ടതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെതിരെ ബിജെപി എംപിമാർ തെളിവ് ചോദിച്ച് ബഹളം വെച്ചു.

ജൂലൈ 20-ന് സിജെപി നടത്തിയ പ്രതിഷേധത്തിൽ പോലീസും വിദ്യാർഥികളും ഏറ്റുമുട്ടുകയും ഇരുവിഭാഗത്തിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചതായി പോലീസ് സ്റ്റേഷൻ ഡയറി എൻട്രിയിൽ വ്യക്തമായത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കി.

അതേസമയം, പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ശിക്ഷ കർശനമാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. ജിതേന്ദ്ര സിങ് അവതരിപ്പിച്ച ബില്ലിൽ പ്രതിപക്ഷ നിർദേശങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

Also read: