28/09/2026
[fontresizer_tawhidurrahmandear_widget]

‘തെരുവില്‍ വെച്ച് ചോദ്യം ചെയ്താല്‍ കരണത്തടി, ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ചോദിച്ചാല്‍ ലാത്തിച്ചാര്‍ജ്’; മന്ത്രി യുവാവിന്റെ കരണത്തടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

 ‘തെരുവില്‍ വെച്ച് ചോദ്യം ചെയ്താല്‍ കരണത്തടി, ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ചോദിച്ചാല്‍ ലാത്തിച്ചാര്‍ജ്’; മന്ത്രി യുവാവിന്റെ കരണത്തടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡൽഹി: റോഡ് പരിശോധനയ്ക്കിടെ ഡൽഹി പൊതുമരാമത്ത് മന്ത്രി പർവേശ് വർമ്മ യുവാവിന്റെ കരണത്തടിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. തിലക് മാർഗിലെ റോഡ് നിർമാണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച തർക്കത്തിനിടെ ഫോൺ പിടിച്ചുവാങ്ങി മന്ത്രി യുവാവിനെ തല്ലുകയായിരുന്നു. ആം ആദ്മി പാർട്ടി സോഷ്യൽ മീഡിയയിലൂടെ സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചതോടെ വിഷയം വൻ വിവാദമായി മാറി.

സംഭവത്തിനെതിരെ കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതാക്കൾ അതിശക്തമായി രംഗത്തെത്തി. അധികാരത്തിലിരിക്കുന്നവരെ ചോദ്യം ചെയ്യുന്നവർക്കെതിരെ ബി.ജെ.പി സർക്കാർ ബലപ്രയോഗം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തെരുവിൽ വെച്ച് ചോദ്യം ചെയ്താൽ കരണത്തടിയെന്നും ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് ചോദിച്ചാൽ ലാത്തിച്ചാർജെന്നും പാർലമെന്റിൽ ചോദ്യമുന്നയിച്ചാൽ മൈക്ക് ഓഫ് ചെയ്യുമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. തെരഞ്ഞെടുപ്പിലൂടെ തങ്ങളെ പുറത്താക്കാൻ പറ്റും എന്ന ഭയമില്ലാത്തതുകൊണ്ടാണ് ഭരണാധികാരികൾ ഇത് ചെയ്യുന്നതെന്നും വോട്ട് മോഷണത്തിലൂടെ ജയം മാത്രമല്ല അഹങ്കാരവും അവർ വാങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പർവേശ് വർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി തിലക് നഗറിൽ പ്രതിഷേധ പ്രകടനം നടത്തി.

മന്ത്രിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടു. മോദിജിയുടെ ഒരു മന്ത്രി റോഡ് നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് ഒരു യുവാവിനെ പരസ്യമായി തല്ലിയെന്നും താൻ നേരിട്ടെത്തി തിലക് നഗറിലെ റോഡ് പരിശോധിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

അതേസമയം സംഭവത്തിൽ പ്രതികരണവുമായി പർവേശ് വർമ്മയും രംഗത്തെത്തി. ആം ആദ്മി പാർട്ടി എം.എ.എൽ.എ ജർനൈൽ സിങിനോടൊപ്പമുണ്ടായിരുന്ന യുവാവ് തന്റെ കുടുംബത്തെ അധിക്ഷേപിച്ചതിനെത്തുടർന്നാണ് താൻ പ്രതികരിച്ചതെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ അക്രമത്തിനിരയായ യുവാവ് ഇത് പൂർണ്ണമായും നിഷേധിച്ചു. താൻ റോഡ് നിർമാണത്തിന്റെ മോശം നിലവാരത്തെക്കുറിച്ച് മന്ത്രിയോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും വർമ്മയെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ താൻ അപമാനിച്ചതായി തെളിഞ്ഞാൽ പോലീസിന് മുന്നിൽ കീഴടങ്ങാൻ തയ്യാറാണെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. റോഡിന്റെ ഒരു ഭാഗം ഉയർത്തിയും കീറിയുമാണ് മോശം അവസ്ഥ കാണിച്ചുകൊടുത്തതെന്നും നിർമാണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ആരോപണങ്ങൾ അംഗീകരിക്കാൻ മന്ത്രി തയ്യാറായില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.

Also read: