23/07/2026
[fontresizer_tawhidurrahmandear_widget]

‘കശ്മീരിലെ കല്ലേറ് നിര്‍ത്തി പിന്നെയാ ഡല്‍ഹി’; വിദ്യാർഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവ് കൃഷ്ണകുമാർ, രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

 ‘കശ്മീരിലെ കല്ലേറ് നിര്‍ത്തി പിന്നെയാ ഡല്‍ഹി’; വിദ്യാർഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവ് കൃഷ്ണകുമാർ, രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഡൽഹിയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് രാജ്യമെങ്ങും പിന്തുണ വർധിക്കുമ്പോൾ, സമരത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തിയ ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് കൃഷ്ണകുമാറിന്റെ പ്രതികരണം.

‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ.. പിന്നെയാ… ഡൽഹി’ എന്ന വാചകമുള്ള പോസ്റ്ററാണ് അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചത്. ഇതിനൊപ്പം ‘ജയ് ഹിന്ദ്’ എന്നും കുറിച്ചിട്ടുണ്ട്. ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുമെന്ന സൂചന നൽകുന്ന പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ രോഷമാണ് ഇപ്പോൾ ഉയരുന്നത്.

നിരവധി പേരാണ് കൃഷ്ണകുമാറിന്റെ പോസ്റ്റിന് താഴെ രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാർഥികളുടെ ഭാവി തകർക്കുന്ന സർക്കാരിനെ ന്യായീകരിക്കരുതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

“അഞ്ച് വർഷത്തിനിടെ മൂന്ന് തവണയാണ് ചോദ്യപ്പേപ്പർ ചോർന്നത്, ഇതിൽ എന്ത് ന്യായീകരണമാണ് നിങ്ങൾക്ക് പറയാനുള്ളത്? സ്വന്തം മനസാക്ഷിയോട് മറുപടി പറയൂ. നിങ്ങൾക്കും മക്കളുള്ളതല്ലേ, അവരോട് ചോദിച്ചുനോക്കൂ ഇത് നീതിയാണോ എന്ന്”, തുടങ്ങിയ പ്രതികരണങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. പഠിച്ചെഴുതുന്നതിന്റെ കഷ്ടപ്പാട് ഫോട്ടോഷോപ്പ് വഴി ഡിഗ്രി വാങ്ങുന്നവർക്ക് അറിയില്ലെന്നും, വിദ്യാർഥികളെ കാണുമ്പോൾ ചിലർക്ക് അസഹിഷ്ണുതയാണെന്നും വിമർശകർ തുറന്നടിക്കുന്നുണ്ട്. കുട്ടികളുടെ ഭാവിയെ ചോദ്യം ചെയ്യുന്ന ഗവൺമെന്റിനെ ഇത്രയും വിവരമുള്ള ഒരാൾ ന്യായീകരിക്കരുതെന്നും കമന്റുകളിൽ ചൂണ്ടിക്കാണിക്കുന്നു.

കൃഷ്ണകുമാർ സമരത്തെ പരിഹസിക്കുമ്പോൾ, മറുവശത്ത് ഡൽഹിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാ ലോകം ഒന്നാകെ രംഗത്തുണ്ട്. ഇന്നലെ എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ഐക്യദാർഢ്യ പരിപാടിയിൽ സിനിമാ പ്രവർത്തകരായ ജോജു ജോർജ്, ആഷിഖ് അബു, മഹേഷ് നാരായണൻ, ഗൗരി കിഷൻ, ദിവ്യ പ്രഭ, പ്രിയ വാര്യർ, ബേബി ജീൻ, വേടൻ തുടങ്ങിയവർ പങ്കെടുത്ത് പിന്തുണ അറിയിച്ചിരുന്നു.

ഇതിന് പുറമെ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, നിഖില വിമൽ, കുഞ്ചാക്കോ ബോബൻ, നസ്‌ലെൻ തുടങ്ങിയ പ്രമുഖ താരങ്ങളും സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഭരണകൂടം വിദ്യാർഥികളുടെ ശബ്ദം കേൾക്കണമെന്നും അവരോടൊപ്പം നിൽക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നുമാണ് താരങ്ങൾ വ്യക്തമാക്കുന്നത്.

Also read: