22/07/2026
[fontresizer_tawhidurrahmandear_widget]

‘വിശപ്പകറ്റിയതിന് നന്ദി’; ജന്തർ മന്തറിലെ സമരക്കാർക്ക് ഡെലിവറി ആപ്പിലൂടെ ഭക്ഷണം അയച്ച് അജ്ഞാതർ

 ‘വിശപ്പകറ്റിയതിന് നന്ദി’; ജന്തർ മന്തറിലെ സമരക്കാർക്ക് ഡെലിവറി ആപ്പിലൂടെ ഭക്ഷണം അയച്ച് അജ്ഞാതർ

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രക്ഷോഭത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് സമരക്കാർക്കുമായി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ആഹാരം അയച്ച് പേരു വെളിപ്പെടുത്താത്ത സാധാരണക്കാർ. പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ മുഖേനയാണ് അപരിചിതരായ ആളുകൾ ആഹാര സാധനങ്ങൾ അയച്ച് സമരത്തിന് പിന്തുണ അറിയിക്കുന്നത്. ദൂരദേശങ്ങളിൽ കഴിയുന്നവർക്ക് ഈ പ്രക്ഷോഭത്തിന്റെ ഭാഗമാകാനുള്ള വേറിട്ടൊരു മാർഗമായാണ് ജനങ്ങൾ ഈ പ്രവൃത്തിയെ കാണുന്നത്. സമരക്കാർക്ക് കൈമാറൂ എന്ന പ്രത്യേക സന്ദേശത്തോടെയാണ് ഓർഡറുകൾ എത്തുന്നതെന്ന് ഫുഡ് ഡെലിവറിക്കെത്തിയ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

പ്രതിഷേധ രംഗത്തുള്ള വിദ്യാർത്ഥികൾ വിശന്നിരിക്കരുത് എന്ന ഉറച്ച ആഗ്രഹത്താലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത്. മഹാരാഷ്ട്രയിൽ നിന്നും ഹൈദരാബാദിൽ നിന്നും വരെ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി വെജിറ്റേറിയൻ താലികൾ, പിസ്സ, ബർഗർ എന്നിവയ്ക്ക് പുറമേ കുടിവെള്ളവും മരുന്നുകളും സമരപ്പന്തലിലേക്ക് ആളുകൾ അയക്കുന്നുണ്ട്.

ജന്തർ മന്തറിലെ സമരക്കാർക്ക് ഭക്ഷണത്തിന് പുറമെ അത്യാവശ്യ മരുന്നുകളും ധാരാളം കുടിവെള്ള കുപ്പികളും എത്തിച്ചേരുന്നുണ്ട്. ഇവയെല്ലാം സമരപ്പന്തലിൽ പൊതുവായി വെച്ചിട്ടുണ്ടെന്നും സഹായം ആവശ്യമുള്ള ആർക്കും ഇവ ഉപയോഗിക്കാമെന്നും സിജെപി നേതൃത്വം വ്യക്തമാക്കി. നിലവിൽ ആവശ്യത്തിലധികം ഭക്ഷണസാധനങ്ങൾ ലഭ്യമായതിനാൽ കൂടുതൽ സാധനങ്ങൾ അയക്കരുതെന്നും അവർ അഭ്യർത്ഥിച്ചു. പ്രക്ഷോഭകർക്ക് ആവശ്യമായ പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ സിഖ് സമൂഹം ഒരുക്കിയിട്ടുണ്ട്. ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്കും മറ്റും താമസിക്കാൻ ഗുരുദ്വാര ബംഗ്ലാ സാഹിബിൽ തങ്ങാനുള്ള സൗകര്യവുമുണ്ട്.

ഇത്രയും നാൾ വലിയ തോതിൽ ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിച്ചുനൽകിയ ഏവർക്കും പാർട്ടി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ ആപ്പുകൾ വഴി ജന്തർമന്തറിലേക്ക് ഇനി ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും അയക്കരുതെന്ന് പാർട്ടി മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. സാധനങ്ങൾ അമിതമായി എത്തിച്ചേർന്ന് അത് പാഴായിപ്പോകുന്നത് ഒഴിവാക്കാനാണ് ഈയൊരു അടിയന്തര അഭ്യർത്ഥന. നിലവിലുള്ള ആവശ്യങ്ങളെല്ലാം പൂർണമായി നിറവേറ്റപ്പെട്ടിട്ടുണ്ടെന്നും, ഭാവിയിൽ വീണ്ടും എന്തെങ്കിലും ആവശ്യങ്ങൾ വരുകയാണെങ്കിൽ അത് അന്നേ ദിവസം തന്നെ ജനങ്ങളെ അറിയിക്കുമെന്നും പോസ്റ്റിൽ അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങൾക്ക് ആവശ്യസാധനങ്ങളും ഭക്ഷണവും എത്തിച്ചവർക്ക് നന്ദി അറിയിച്ച് പോസ്റ്റ് പങ്കുവെച്ചത്.

Also read: