‘സിജെപിയെ വിളിക്കാൻ ഉദേശിക്കുന്നത് ചൈനീസ് ജനത പാർട്ടി എന്നോ കോക്ക്റോച്ച് ജമാഅത്ത് പാർട്ടി എന്നോ ആണ്’- അഡ്വ. കെ രാംകുമാർ
തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികളുടെ പേരിൽ നടക്കുന്ന നീറ്റ് വിരുദ്ധ പ്രതിഷേധം വിദേശ ശക്തികളും നിഗൂഢ സംഘടനകളും ഹൈജാക്ക് ചെയ്തതായി നിയമവിദഗ്‌ധൻ അഡ്വ. കെ. രാംകുമാർ. സമരത്തിന് ചൈനയുമായും ജമാഅത്തെ ഇസ്‌ലാമിയുമായും ബന്ധമുണ്ടെന്ന് കേന്ദ്രസർക്കാരിന് ഇന്റലിജൻസ് വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിജെപി എന്നതിനെ ‘ചൈനീസ് ജനത പാർട്ടി’ എന്നോ ‘കോക്ക്റോച്ച് ജമാഅത്ത് പാർട്ടി’ എന്നോ വിളിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമരത്തിൽ പങ്കെടുക്കുന്നത് യഥാർഥ വിദ്യാർഥികളല്ലെന്നും മറ്റ് പല വിഭാഗങ്ങളിൽപ്പെട്ടവരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജമ്മു കശ്‌മീർ, ബിഹാർ, ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വലിയ തുക ചെലവഴിച്ചാണ് ആളുകളെ ഡൽഹിയിൽ എത്തിച്ചിരിക്കുന്നത്. സാധാരണ വിദ്യാർഥികൾക്ക് സ്വന്തം പണം ഉപയോഗിച്ച് ഇത് അസാധ്യമാണ്. സമരപ്പന്തലിൽ സാധാരണക്കാരുടെ ഭക്ഷണമല്ലാത്ത ‘ബർഗർ’ പോലെയുള്ള വിഭവങ്ങൾ കഴിക്കുന്നത് ഇത് സമ്പന്ന വിഭാഗത്തിന്റെ സമരമാണെന്നതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റിനെതിരായ പ്രതിഷേധം എന്ന പേരിൽ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിട്ട് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. മുൻകാല സമരങ്ങളിൽ പരാജയപ്പെട്ട പ്രതിപക്ഷ പാർട്ടികൾ നഷ്ടപ്പെട്ട രാഷ്ട്രീയ ഇടം വീണ്ടെടുക്കാൻ ഈ വിഷയത്തെ ഉപയോഗിക്കുകയാണെന്നും, ‘ഇന്ത്യ’ മുന്നണിയെ ‘ഇന്ദിര നെഹ്റു ഡൈനാസ്റ്റി ഇൻട്രെസ്റ്റ് അലയൻസ്’ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചൈനീസ് എംബസി ഉദ്യോഗസ്ഥൻ സിപിഎം നേതാവ് എം.എ ബേബിയോടൊപ്പം വേദി പങ്കിട്ടതും, അമേരിക്കൻ ഫൗണ്ടേഷനുകൾ സാമ്പത്തിക സഹായം നൽകുന്നതും ദുരൂഹമാണ്. ഡൽഹി കലാപങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്ന ജെഎൻയുവിലെ ചില വിഭാഗങ്ങളും, ഭൂട്ടാനിൽ നിന്ന് കാറുകൾ കടത്തിയെന്ന ആരോപണം നേരിടുന്ന സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സംശയസ്പദമായ പശ്ചാത്തലമുള്ളവരുമാണ് സമരത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.