സിജെപി സമരം: 18 വയസ്സിൽ താഴെയുള്ള ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും മോചിപ്പിക്കണം -സുപ്രീംകോടതി
ന്യൂഡൽഹി: പരീക്ഷാ ചോർച്ചയ്ക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളിൽ തടങ്കലിലാക്കപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്ത വിദ്യാർത്ഥികളിൽ 18 വയസ്സിൽ താഴെയുള്ളവരെയും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉടനടി മോചിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ഡൽഹി ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ എഫ്.ഐ.ആറുകളിൽ തുടർനടപടികളോ കർശന നടപടികളോ സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
അതേസമയം, പ്രതിഷേധക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും കസ്റ്റഡിയിലുള്ള എല്ലാവരെയും മോചിപ്പിക്കുമെന്നും അർധരാത്രി സർക്കാരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതായി സി.ജെ.പി അറിയിച്ചു. ഇതിന്റെ ഭാഗമായി അസം, ബിഹാർ സർക്കാരുകൾ സംരക്ഷണം ഉറപ്പാക്കുന്ന വിജ്ഞാപനങ്ങൾ പുറത്തിറക്കിയതായി സി.ജെ.പി മുഖ്യ വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. കേന്ദ്ര സർക്കാരും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സമാനമായ ഉത്തരവുകൾ ഉടൻ പുറത്തിറക്കുമെന്ന വാഗ്ദാനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് ജന്തർ മന്തറിലെ 37 ദിവസം നീണ്ടുനിന്ന സമരം കഴിഞ്ഞ ആഴ്ച അവസാനിപ്പിച്ചിരുന്നു. എന്നാൽ സർക്കാരുമായുള്ള ചർച്ചകളിലെ ഉറപ്പുകൾക്ക് വിരുദ്ധമായി പലയിടങ്ങളിലും പൊലീസ് നടപടി തുടരുകയാണെന്നും കേസുകൾ പിൻവലിച്ചില്ലെങ്കിൽ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുമെന്നും സി.ജെ.പി വക്താവ് ആശുതോഷ് റങ്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടലും സർക്കാരുമായുള്ള നിർണായക ചർച്ചകളും ഉണ്ടായത്.