‘സർക്കാരിന്റെ പ്രതിച്ഛായ കാക്കലല്ല; പൗരാവകാശം സംരക്ഷിക്കലാണ് പോലീസിന്റെ പണി’-ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി | Uttarakhand HC Raps Police in CJP Protest
നൈനിറ്റാൾ: ഡൽഹിയിൽ വിദ്യാർത്ഥി സംഘടനയായ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന ‘ചലോ സൻസദ്’ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ട്രെയിനിൽ പുറപ്പെട്ട രാഷ്ട്രീയ നേതാവിനെ തടഞ്ഞ് കസ്റ്റഡിയിലെടുത്ത ഉത്തരാഖണ്ഡ് പോലീസിനും സംസ്ഥാന സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി(Uttarakhand HC Raps Police in CJP Protest). പോലീസിന്റെ നടപടി ശുദ്ധ അരാജകത്വവും ഗുണ്ടായിസവുമാണെന്ന് തുറന്നടിച്ച കോടതി, ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനാണോ അതോ സർക്കാരിന്റെ പ്രതിച്ഛായ കാക്കാനാണോ പോലീസ് പ്രവർത്തിക്കുന്നതെന്ന് ആഞ്ഞടിക്കുകയും ചെയ്തു.
ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യാത്ര തിരിച്ച ഉത്തരാഖണ്ഡ് പരിവർത്തൻ പാർട്ടി(യുപിപി) അധ്യക്ഷൻ പ്രഭാത് ധ്യാനിയെ(62) ആണ് ഋഷികേശ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് തടഞ്ഞ്. ഇദ്ദേഹത്തെ ട്രെയിനിൽ നിന്ന് ഇറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിലാണ് കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. പ്രഭാതിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയുടെ ജനറൽ സെക്രട്ടറി ലാൽ മണി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി തുടർച്ചയായ രണ്ടാം ദിവസവും പരിഗണിക്കവെ, ജസ്റ്റിസ് രവീന്ദ്ര മൈഥാനി, ജസ്റ്റിസ് സിദ്ധാർത്ഥ് സഹാ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കടുത്ത അമർഷം രേഖപ്പെടുത്തിയത്.
‘രാജ്യത്ത് എവിടെയും സഞ്ചരിക്കാൻ പൗരന് അവകാശമുണ്ട്; തടയാൻ നിങ്ങളാരാണ്?’ | Uttarakhand HC Raps Police in CJP Protest
പ്രഭാത് ധ്യാനി ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കുചേരാൻ പോകുകയായിരുന്നുവെന്നും അത് തടയാനാണ് കസ്റ്റഡിയിലെടുത്തതെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ സമ്മതിച്ചു. തുടർന്നായിരുന്നു കോടതിയുടെ രൂക്ഷവിമർശനങ്ങൾ.
‘ഒരു പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നത് കുറ്റകൃത്യമാണോ? ഭരണഘടന ഉറപ്പുനൽകുന്ന രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശം തടയാൻ നിങ്ങളാരാണ്?’ കോടതി തുറന്നടിച്ചു.
ഡൽഹിയിൽ പ്രഖ്യാപിച്ച ബി.എൻ.എസ്.എസ് 163ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടിയെ സർക്കാർ അഭിഭാഷകൻ ന്യായീകരിക്കാൻ ശ്രമിച്ചത്. എന്നാൽ, ഡൽഹി പോലീസ് പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ പേരിൽ ഉത്തരാഖണ്ഡിൽ വെച്ച് ഒരാളെ തടയാൻ ഇവിടെയുള്ള പോലീസിന് എന്തവകാശമാണുള്ളതെന്ന് കോടതി ചോദിച്ചു. ഇനി ഉത്തരവ് ലംഘിച്ചാൽ തന്നെ അത് പരിശോധിക്കേണ്ടത് ഡൽഹി പോലീസാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
പോലീസിന്റെ ഡെയ്ലി ഡയറി പരിശോധിച്ച കോടതി കൂടുതൽ രോഷാകുലരായി. പ്രഭാത് ധ്യാനി പ്രക്ഷോഭത്തിൽ പങ്കെടുത്താൽ അത് ‘സർക്കാരിന്റെ പ്രതിച്ഛായ തകർക്കും’ എന്നാണ് പോലീസ് ഡയറിയിൽ കുറിച്ചിരുന്നത്. നിങ്ങൾ ഇവിടെയിരിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാണോ അതോ പൗരന്മാരുടെ മൗലികാവകാശങ്ങൾ കാത്തുസൂക്ഷിക്കാനാണോ? ദേശീയ സുരക്ഷയുടെയോ പ്രതിച്ഛായയുടെയോ പേരുപറഞ്ഞ് പൗരന്മാരെ പീഡിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ഡി.ജി.പിക്കും ഉദ്യോഗസ്ഥർക്കും നോട്ടീസ്; സെപ്റ്റംബർ 16-ന് വീണ്ടും പരിഗണിക്കും | Uttarakhand HC Raps Police in CJP Protest
പ്രഭാതിനെ തടഞ്ഞുവെച്ചതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോൾ വിവരമൊന്നും നൽകാൻ പോലീസ് തയ്യാറായിരുന്നില്ല. ഹരജി കോടതിയിലെത്തിയതോടെ 24 മണിക്കൂറിനുള്ളിൽ ഇയാളെ മോചിപ്പിച്ചതായി സർക്കാർ അറിയിച്ചെങ്കിലും, കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിചാരണ തുടരാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
പ്രഭാത് ധ്യാനിയെ ബലമായി ട്രെയിനിൽ നിന്ന് ഇറക്കി കസ്റ്റഡിയിൽ വെച്ച പോലീസ് ഉദ്യോഗസ്ഥനെ കേസിൽ നേരിട്ട് കക്ഷിയാക്കാൻ കോടതി ഉത്തരവിട്ടു. സംഭവത്തിൽ സംസ്ഥാന ഡി.ജി.പി, ഡെറാഡൂൺ, നൈനിറ്റാൾ എസ്.എസ്.പിമാർ, ബന്ധപ്പെട്ട എസ്.എച്ച്.ഒ, റെയിൽവേ പോലീസ് എന്നിവർക്ക് നോട്ടീസ് അയച്ച കോടതി, വിശദമായ മറുപടി നൽകാൻ നിർദേശിച്ച് കേസ് സെപ്റ്റംബർ 16-ലേക്ക് മാറ്റി.