‘നാഷണൽ ക്രഷ്’ അഭിനവ് ബിഷ്ടിനെ പൂട്ടി ഡൽഹി പൊലീസ്; സി.ജെ.പി സമരത്തിലൂടെ വൈറലായ വിദ്യാർഥിയുടെ 6.5 ലക്ഷം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ സമരത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ വിദ്യാർഥി അഭിനവ് ബിഷ്ടിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡൽഹി പൊലീസ് സസ്പെൻഡ് ചെയ്തു. സമരവേദിയിൽ നിന്നുള്ള അഭിനവിന്റെ റീലുകൾ വലിയ തരംഗമാണ് സൃഷ്ടിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടിലൂടെ നിരവധിയാളുകളാണ് ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നത്. പുതിയകാല സമരരീതികളെ പ്രശംസിച്ച് നിരവധിപ്പേർ പോസ്റ്റുകൾക്ക് താഴെ പിന്തുണയുമായി എത്തിയിരുന്നു. സമരം അവസാനിപ്പിച്ച് അഭിനവ് മടങ്ങുന്ന വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിനിടെയാണ് ‘@issac1rl’ എന്ന ഇദ്ദേഹത്തിന്റെ അക്കൗണ്ടിനെതിരെ പൊലീസ് അപ്രതീക്ഷിത നടപടിയെടുത്തിരിക്കുന്നത്.
സമരം ആരംഭിക്കുന്നതിന് മുൻപ് വെറും 5000 ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന അഭിനവിന് ദിവസങ്ങൾക്കുള്ളിൽ 6.7 ലക്ഷം ഫോളോവേഴ്സിനെയാണ് ലഭിച്ചത്. ഓരോ റീലുകളും ലക്ഷക്കണക്കിന് ആളുകളായിരുന്നു കണ്ടിരുന്നത്. ‘മേരെ മെഹ്ബൂബ് ഖയാമത് ഹോഗി’, മേരി ഗല്ലീ മേ, തുടങ്ങിയ ഗാനങ്ങളുടെ പശ്ചാത്തലത്തിലുള്ള അഭിനവിന്റെ റീൽ മാത്രം 15 കോടിയിലധികം ആളുകളാണ് കണ്ടത്. ഇതോടെ അഭിനവിനെ പുതിയ ‘നാഷണൽ ക്രഷ്’ എന്ന് വരെ സമൂഹ മാധ്യമങ്ങൾ വിശേഷിപ്പിച്ചു. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പഴയ അക്കൗണ്ട് പൊലീസിന്റെ ഇടപെടലിലൂടെ സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ഇപ്പോൾ പുതിയൊരു അക്കൗണ്ടിലൂടെ അഭിനവ് വീണ്ടും ഇൻസ്റ്റാഗ്രാമിൽ സജീവമായിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപ വീഡിയോകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഡൽഹി പൊലീസ് നേരത്തെ തന്നെ ടെക് കമ്പനികളോട് കർശനമായി ആവശ്യപ്പെട്ടിരുന്നു. ഡൽഹി പൊലീസിന്റെ പ്രത്യേക സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ഇത്തരം പോസ്റ്റുകൾ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അഭിനവിന്റെ അക്കൗണ്ടിനെതിരെയും സസ്പെൻഷൻ നടപടിയുണ്ടായത്. നിലവിൽ പ്രധാനമന്ത്രിക്കെതിരെ പോസ്റ്റുകൾ പങ്കുവെച്ച പല അക്കൗണ്ടുകളും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.
പൊലീസിന്റെ നിർദേശത്തെ തുടർന്ന് കമ്പനികൾ പല പോസ്റ്റുകളും ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. ജൂലൈ 20ന് നടന്ന സി.ജെ.പിയുടെ പാർലമെന്റ് മാർച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. അതേസമയം, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ലെന്നും മറ്റ് നടപടികൾ സ്വീകരിക്കില്ലെന്നും കേന്ദ്ര സർക്കാർ നേരത്തെ സി.ജെ.പിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് വൈറൽ അക്കൗണ്ടിനെതിരെയുള്ള ഈ പുതിയ നടപടി.