സിജെപി പ്രക്ഷോഭങ്ങൾ ഫലം കണ്ടു; ‘സ്‌കൂൾ ഠീക് കരോ’ ക്യാംപെയ്ന് പിന്നാലെ രാജസ്ഥാനിലെ സ്കൂൾ നവീകരണത്തിന് സർക്കാർ ഉത്തരവ്
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പുറത്തുകൊണ്ടുവരാൻ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ ‘സ്കൂൾ ഠീക് കരോ’ ക്യാംപെയ്നും പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കും പിന്നാലെ, രാംപുര കൻവർപുര ഗ്രാമത്തിലെ സർക്കാർ സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഉത്തരവിട്ടു. 18 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിൽ 12 ലക്ഷം രൂപ ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ ട്രസ്റ്റ് ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്.
സെപ്റ്റംബർ ഒന്നിന് തന്നെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. 2025 സെപ്റ്റംബറിൽ നടത്തിയ പരിശോധനയിൽ ജീർണാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ സ്കൂൾ കെട്ടിടം ഉപയോഗശൂന്യമായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നാട്ടുകാർ താൽക്കാലികമായി ഒരുക്കിനൽകിയ രണ്ട് മുറികളിലും ഒരു ടിൻ ഷെഡിലുമായാണ് നിലവിൽ കുട്ടികൾ പഠിച്ചുവരുന്നത്.
ഈ സ്‌കൂളിന്റെ അവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി സന്ദർശനം നടത്തിയ സി.ജെ.പി കോ-കൺവീനർ ആശുതോഷ് റാങ്കയ്ക്കും മറ്റ് പ്രവർത്തകർക്കും നേരെ കഴിഞ്ഞ ദിവസം വലിയ രീതിയിലുള്ള ആക്രമണം നടന്നിരുന്നു. സ്കൂളിലേക്കുള്ള വഴിമധ്യേ ഇവരുടെ വാഹനം തടഞ്ഞ് ഗുണ്ടകൾ കല്ലെറിയുകയും ഫോണുകൾ തകർക്കുകയും പ്രവർത്തകരെ ക്രൂരമായി മർദിക്കുകയുമായിരുന്നു. പ്രാദേശിക ബി.ജെ.പി എം.എൽ.എയുടെയും നേതാക്കളുടെയും ഒത്താശയോടെയാണ് ഈ ആക്രമണം നടത്തിയതെന്ന് സി.ജെ.പി ആരോപിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സ്‌കൂളിന് പുതിയ കെട്ടിടം നിർമിക്കാനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.
പുതിയ ഉത്തരവ് തങ്ങളുടെ പ്രക്ഷോഭത്തിൻ്റെയും ക്യാംപെയ്നിന്റെയും വലിയ വിജയമാണിതെന്ന് സി.ജെ.പി പ്രതികരിച്ചു. ഇതിനുപുറമെ, സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളെ കൂടുതൽ മികച്ചതും സാങ്കേതികവിദ്യാധിഷ്‌ഠിതവുമാക്കാൻ 12,500 കോടി രൂപയുടെ ബൃഹത്തായ വികസന പദ്ധതിയും രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ നിർദേശപ്രകാരം 2026-27 മുതൽ 2028-29 വരെയുള്ള മൂന്ന് വർഷത്തെ വികസന റോഡ്‌മാപ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. 41 ജില്ലകളിലെ ആവശ്യങ്ങൾ പരിഹരിക്കാനാണ് ഈ ഫണ്ട് വിനിയോഗിക്കുക. ഈ പദ്ധതി പ്രകാരം 3,587 പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്കായി 2,487.75 കോടി രൂപയും, 83,783 പുതിയ ക്ലാസ് മുറികൾക്ക് 8,378.30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ 22,589 സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 1,129.45 കോടി രൂപയും, 13,616 ശുചിമുറി സമുച്ചയങ്ങൾ നിർമിക്കാൻ 340.40 കോടി രൂപയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഈ ദീർഘകാല പദ്ധതിക്ക് പുറമെ, നിലവിൽ 3,006.34 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 518 സ്കൂൾ കെട്ടിടങ്ങൾക്കായി 620 കോടി രൂപയുടെ പദ്ധതികൾ ടെൻഡർ ഘട്ടത്തിലാണ്. നബാർഡിന്റെയും ധനകാര്യ വകുപ്പിന്റെയും അനുമതിയോടെ 894 പുതിയ കെട്ടിടങ്ങൾക്കായി 600 കോടിയുടെ മറ്റൊരു നിർദേശവും സമർപ്പിച്ചിട്ടുണ്ട്.
ഇതുകൂടാതെ 2,906 ക്ലാസ് മുറികൾക്കായി 300 കോടി രൂപയുടെ പ്രവൃത്തികൾ ആരംഭിച്ചതിനൊപ്പം, പ്രധാന അറ്റകുറ്റപ്പണികൾക്ക് 550 കോടിയും മറ്റ് സൗകര്യങ്ങൾക്കായി 936.34 കോടിയും ഇതിനകം അനുവദിച്ചുകഴിഞ്ഞു. 2026 ഡിസംബറോടെ സ്‌കൂളുകൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനായി 1,087 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. 9,000 സ്‌മാർട്ട് ക്ലാസ് മുറികൾക്കായി 107 കോടി രൂപയും, വിദ്യാർത്ഥികൾക്ക് 80,000 ടാബ്ലെറ്റുകൾ വിതരണം ചെയ്യാൻ 100 കോടി രൂപയും, 7,000 ഐ.സി.ടി ലാബുകൾ സജ്ജമാക്കാൻ 880 കോടി രൂപയുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്‌ത സി.ജെ.പി കോ-കൺവീനർ ആശുതോഷ് റാങ്ക മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. ‘ഓരോ തുള്ളി രക്തവും ഈ രാജ്യത്ത് വിപ്ലവത്തിൻ്റെ പ്രളയമുണ്ടാക്കും’ എന്ന് അദ്ദേഹം പ്രതികരിച്ചു. രാജസ്ഥാനിലെ സ്‌കൂളുകൾ പൂർണമായി നവീകരിക്കുന്നതുവരെ തങ്ങളുടെ ‘സ്‌കൂൾ ഠീക് കരോ’ ക്യാംപെയ്ൻ തുടരുമെന്നും പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പ് പാർട്ടി കൃത്യമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.