ഇന്ത്യയിലെ സിജെപി അതിർത്തി കടന്നു; പാകിസ്താനിൽ തരംഗമായി ‘കോക്രോച്ച് അവാമി പാർട്ടി’യും ‘കോക്രോച്ച് അവാമി ലീഗും’
ന്യൂഡൽഹി: ഇന്ത്യയിൽ വലിയ രീതിയിൽ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാർട്ടി’യുടെ (സിജെപി) ജനപ്രീതി ഇപ്പോൾ അതിർത്തിയും കടന്ന് മുന്നേറുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കോടിക്കണക്കിന് ഫോളോവേഴ്‌സുമായി കുതിക്കുന്ന സിജെപിയുടെ മാതൃക പിന്തുടർന്ന് പാകിസ്താനിലും ‘കോക്രോച്ച് അവാമി പാർട്ടി’, ‘കോക്രോച്ച് അവാമി ലീഗ്’ എന്നീ പേരുകളിൽ പേജുകൾ സജീവമായിക്കഴിഞ്ഞു.
തൊഴിൽരഹിതരായ യുവാക്കളെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പ്രാണികളോടും പരാദങ്ങളോടും ഉപമിച്ചുവെന്ന റിപ്പോർട്ടുകളോടുള്ള ശക്തമായ പ്രതികരണമെന്നോണമാണ് മേയ് പകുതിയോടെ ഇന്ത്യയിൽ കോക്രോച്ച് പാർട്ടി രൂപംകൊള്ളുന്നത്. ചീഫ് ജസ്റ്റിസ് പിന്നീട് ഇതിൽ വിശദീകരണം നൽകിയെങ്കിലും അപ്പോഴേക്കും ഇതൊരു വലിയ ജനകീയ പ്രസ്ഥാനമായി മാറിയിരുന്നു.
യുഎസിൽ താമസിക്കുന്ന മുൻ ആം ആദ്‌മി പാർട്ടി സഹയാത്രികനായ അഭിജീത് ദീപ്കെ മേയ് 16-നാണ് സോഷ്യൽ മീഡിയയിലൂടെ ഈ വേദിക്ക് തുടക്കമിട്ടത്. ദിവസങ്ങൾക്കുള്ളിൽ തന്നെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളെപ്പോലും പിന്നിലാക്കി. വ്യവസ്ഥിതിയോടുള്ള പരിഹാസങ്ങളിലൂടെയും മീമുകളിലൂടെയും മടിയന്മാരും തൊഴിൽരഹിതരുമായ യുവാക്കളുടെ ശബ്ദമായി മാറിയ സിജെപി; വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലവസരങ്ങൾ എന്നിവയിൽ വലിയ പരിഷ്‌കാരങ്ങളാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ച ഇന്ത്യയിൽ പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് തടഞ്ഞുവെച്ചെങ്കിലും പുതിയ അക്കൗണ്ടിലൂടെ ഇവർ വീണ്ടും സജീവമായിട്ടുണ്ട്. ഇന്ത്യയിലെ ഈ വേറിട്ട ഓൺലൈൻ മുന്നേറ്റം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പാകിസ്താനിലും ഇതിൻ്റെ പതിപ്പുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇന്ത്യൻ പ്രസ്ഥാനത്തിൽ നിന്നുള്ള പ്രചോദനമാണ് ഇതിന് പിന്നിലെന്ന് പാക് പേജുകളുടെ ബയോയിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലെ കോക്രോച്ച് പാർട്ടിക്ക് വ്യക്തമായ സ്ഥാപകനും കൃത്യമായ മാനിഫെസ്റ്റോയും ഉണ്ടെങ്കിലും, പാകിസ്താനിലെ പേജുകൾ വ്യത്യസ്ത വ്യക്തികളുടെ നേതൃത്വത്തിൽ ചിതറിക്കിടക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. അവിടെയുള്ള പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് ബദലായി നിലകൊള്ളുന്ന ഈ പേജുകൾ, യുവാക്കളുടെ തൊഴിലില്ലായ്‌മയ്ക്കും ഭരണസംവിധാനങ്ങൾക്കുമെതിരെയുള്ള നിരാശ പരിഹാസ രൂപേണ പ്രകടിപ്പിക്കാനാണ് കോക്രോച്ചിനെ ചിഹ്നമായി ഉപയോഗിക്കുന്നത്.