മുജ്തബ ഖാംനഇക്ക് ‘പ്രത്യേക സന്ദേശവുമായി’ പാകിസ്താൻ ആഭ്യന്തര മന്ത്രി ഇറാനിൽ
തെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇക്ക് ‘പ്രത്യേക സന്ദേശവുമായി പാകിസ്താൻ ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വി തെഹ്‌റാനിൽ. പശ്ചിമേഷ്യയിലെ സമാധാനം അനിശ്ചിതത്തിലായ അവസരത്തിലാണ് ഈ സുപ്രധാന നീക്കം. പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫും സൈനിക മേധാവി അസിം മുനീറും ചേർന്നയച്ച സന്ദേശമാണ് ഇറാന് കൈമാറുന്നത്. മേഖലയിൽ കഴിഞ്ഞ 100 ദിവസമായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള പാകിസ്ഥാന്റെ ശക്തമായ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല സന്ദർശനം. ആഗോള വ്യാപാരത്തെയും വിപണികളെയും സാരമായി ബാധിച്ച ഭൗമരാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പാകിസ്താൻ നടത്തുന്ന മൂന്നാമത്തെ ഇറാൻ സന്ദർശനമാണിത്.
തെഹ്‌റാനിലെത്തിയ പാക് ആഭ്യന്തര മന്ത്രിയെ ഇറാന്റെ ആഭ്യന്തര മന്ത്രി എസ്‌കന്ദർ മൊമേനി സ്വീകരിച്ചു. തുടർന്ന് ഇരുവരും നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ചർച്ചകൾ നടത്തി. ഈ സന്ദർശന വേളയിൽ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ ഉന്നത ഉദ്യോഗസ്ഥരുമായും മുഹ്‌സിൻ നഖ്‌വി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തെഹ്‌റാനിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് ഇസ്‌ലാമാബാദിൽ വെച്ച് പ്രധാനമന്ത്രി ശഹബാസ് ശരീഫുമായി നഖ്‌വി പ്രത്യേക കൂടിക്കാഴ്ച നടത്തി നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു. കൂടാതെ, കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ഇറാന്റെ ആഭ്യന്തര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും നഖ്‌വി പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി യുദ്ധം ആരംഭിച്ചത്. ഇതോടെ മേഖലയിൽ വലിയ തോതിലുള്ള യുദ്ധപ്രതിസന്ധി ഉടലെടുത്തു. ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ കരാർ ഉണ്ടായെങ്കിലും ഇപ്പോഴും ഇരുപക്ഷവും തമ്മിലുള്ള കടുത്ത ഭിന്നതകൾ പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് അമേരിക്കയ്ക്കും ഇറാനും ഇടയിൽ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ പാകിസ്താൻ സജീവമായി രംഗത്തിറങ്ങിയത്. എന്നാൽ അടുത്തിടെ അമേരിക്കയുടെ ആക്രമണത്തിന് പ്രതികാരമായി കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ വീണ്ടും ആക്രമണം നടത്തിയിരുന്നു. വെടിനിർത്തൽ കരാർ പൂർണമായി തകരാൻ സാധ്യതയുള്ള ഈ നിർണായക ഘട്ടത്തിലാണ്, മേഖലയിൽ സമാധാനം കൊണ്ടുവരാനും ഇരുപക്ഷത്തെയും ചർച്ചകളുടെ മേശയിലേക്ക് എത്തിക്കാനുമായി പാകിസ്താൻ തങ്ങളുടെ ശക്തമായ നയതന്ത്ര നീക്കങ്ങളുമായി ഇറാനെ സമീപിച്ചിരിക്കുന്നത്.