21/06/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയിലെ മുസ്ലിംപള്ളികൾ ഭീഷണിയിലെന്ന് പാക് പ്രസിഡന്റ്; സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർ തങ്ങളുടെ കാര്യങ്ങളിൽ ഇടപെടേണ്ടന്ന് ഇന്ത്യ

 ‘ഇന്ത്യയിലെ മുസ്ലിംപള്ളികൾ ഭീഷണിയിലെന്ന് പാക് പ്രസിഡന്റ്; സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർ തങ്ങളുടെ കാര്യങ്ങളിൽ ഇടപെടേണ്ടന്ന് ഇന്ത്യ

രൺധീർ ജയ്സ്വാൾ

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം ആരാധനാലയങ്ങൾ ഭീഷണിയിലാണെന്ന പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ്താവനയെ തള്ളി ഇന്ത്യ. ആസിഫ് അലിയുടെ പ്രസ്താവന വിദ്വേഷത്തിൽനിന്നും മതഭ്രാന്തിൽനിന്നും ഉടലെടുത്ത രാഷ്ട്രീയനീക്കം മാത്രമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

വാരണാസിയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഗഞ്ച് ഷഹീദയ്ക്കും ഇന്ത്യയിലുടനീളമുള്ള മറ്റ് മുസ്ലീം ആരാധനാലയങ്ങൾക്കും നേരെ ഭീഷണി ഉണ്ടെന്നായിരുന്നു ആസിഫ് അലി സർദാരി കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചത്. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്താന് യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

“ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് യാതൊരു അവകാശവുമില്ല. പാകിസ്താൻ പ്രസിഡന്റ് നടത്തിയ അടിസ്ഥാനരഹിതമായ പരാമർശങ്ങളെ ഇന്ത്യ പൂർണമായും തള്ളുന്നു,” അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി വേട്ടയാടുന്ന ചരിത്രമാണ് പാകിസ്താനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ, അഹമ്മദീയ വിഭാഗം എന്നിവർക്കെതിരെയുള്ള അതിക്രമങ്ങളും ദൈവനിന്ദാ നിയമങ്ങൾ ദുരുപയോഗം ചെയ്ത് നടത്തുന്ന പീഡനങ്ങളും പാകിസ്താനിൽ തുടർച്ചയായി നടക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.

പാകിസ്താന്റെ ദേശീയ നയമായ മതഭ്രാന്തിന്റെയും വിദ്വേഷത്തിന്റെയും ഭാഗമാണ് ഇത്തരം ബോധപൂർവമായ രാഷ്ട്രീയ ആക്രമണങ്ങൾ. അയൽരാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാതെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പാകിസ്താൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: