‘കപ്പലുകൾക്ക് നേരെ തുടരെയുള്ള യുഎസ് ആക്രമണം’; വീണ്ടും അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
ന്യൂഡൽഹി: ഹോർമുസിൽ എണ്ണ കപ്പലുകൾക്ക് നേരെ തുടരെയുള്ള യുഎസ് ആക്രമണങ്ങളിൽ വീണ്ടും അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ. ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ തുടർച്ചയായ സൈനിക നടപടികളിൽ പ്രതിഷേധിക്കാൻ ഡൽഹിയിലെ യുഎസ് ചാർജ് ഡി അഫയേഴ്സ് ജേസൺ മിക്സിനെയാണ് വിദേശകാര്യ മന്ത്രാലയം നേരിട്ട് വിളിച്ചുവരുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇയാളെ അറിയിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഈ വിഷയത്തിൽ മുതിർന്ന യു.എസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തുന്നത്.
ഇറാനിൽ നിന്നുള്ള എണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പലാവു പതാക ഘടിപ്പിച്ച ‘എം.ടി സെറ്റബെല്ലോ’ എന്ന ഓയിൽ ടാങ്കറിന് നേരെ അമേരിക്ക നടത്തിയ ആക്രമണമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഈ കപ്പലിൽ ഉണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒമാൻ അധികൃതർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ 21 ഇന്ത്യൻ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും, കാണാതായ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു. ഡെക്ക് കേഡറ്റ് ആദിത്യ ശർമ്മ, ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാർ.
ഇറാനിൽ നിന്നുള്ള എണ്ണക്കടത്ത് തടയാൻ യു.എസ് സൈന്യം ഏർപ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണവും ഉണ്ടായത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ ജീവനക്കാരുള്ള ഒന്നിലധികം വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നേവിയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത് ഇന്ത്യയെ കാര്യമായി ആശങ്കപ്പെടുത്തുന്നുണ്ട്. ആഗോള തലത്തിൽ കപ്പൽ സർവീസുകളിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ ഇത് ബാധിക്കുമെന്ന് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു. മേഖലയിലെ സൈനിക നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും വാണിജ്യ കപ്പലുകളെയും സാധാരണക്കാരായ നാവികരെയും ലക്ഷ്യമിടരുതെന്നും മിക്സിന് കൈമാറിയ ഔദ്യോഗിക നയതന്ത്ര കുറിപ്പിൽ ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതവും തങ്ങളുടെ പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളും മുൻകൈ എടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.