22/07/2026
[fontresizer_tawhidurrahmandear_widget]

വോട്ടർ പട്ടിക പരിഷ്കരണം ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടി; കേന്ദ്രത്തിന് യുഎന്നിന്റെ കത്ത്

 വോട്ടർ പട്ടിക പരിഷ്കരണം ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടി; കേന്ദ്രത്തിന് യുഎന്നിന്റെ കത്ത്

ന്യൂഡൽഹി: രാജ്യത്ത് പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്.ഐ.ആർ) വോട്ടർ പട്ടികയിൽനിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയെന്ന പരാതിയിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഐക്യരാഷ്ട്രസഭ. എസ്.ഐ.ആർ നടപടികൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഗുരുതരമായി ബാധിച്ചെന്ന പരാതിയിലാണ് യു.എന്നിന്റെ പ്രത്യേക ദൂതന്മാർ ഇന്ത്യക്ക് കത്തയച്ചത്. ന്യൂനപക്ഷ വിഭാഗങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദൂതന്മാരാണ് കത്തിന് പിന്നിൽ.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 5.2 കോടി പേരുകൾ നീക്കം ചെയ്തതായി കത്തിൽ പറയുന്നു. പശ്ചിമ ബംഗാളിലും ലക്ഷക്കണക്കിന് വോട്ടർമാരുടെ പേര് വെട്ടിയതായും വോട്ടവകാശം നിഷേധിച്ചതായും യു.എൻ ദൂതന്മാർ ചൂണ്ടിക്കാട്ടി. മുസ്‌ലിം, ബംഗാളി വംശജർ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരെ ഈ നടപടി കൂടുതലായി ബാധിച്ചതിൽ യു.എൻ ആശങ്ക അറിയിച്ചു.

യു.എൻ പ്രത്യേക റിപ്പോർട്ടർമാരായ നിക്കോളാസ് ലെവാറ്റ്, ഐറിൻ ഖാൻ, നസീല ഘാനിയ എന്നിവർ മേയ് ഒന്നിനാണ് കേന്ദ്രത്തിന് കത്തയച്ചത്. വോട്ടർ പട്ടിക പരിഷ്കരണത്തിൽ മനുഷ്യാവകാശങ്ങളും രാഷ്ട്രീയ പങ്കാളിത്തത്തിനുള്ള അവകാശവും ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് അവർ ആശങ്ക ഉന്നയിച്ചു. പരാതികൾ പരിശോധിച്ച് കേന്ദ്രത്തിന്റെ വിശദീകരണവും സ്വീകരിച്ച നടപടികളും അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പേര് നീക്കിയതിന്റെ കൃത്യമായ കണക്ക്, കാരണം, അപ്പീലുകളുടെ എണ്ണം, ന്യൂനപക്ഷ വിവേചനം ഒഴിവാക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ ഏഴ് വിഷയങ്ങളിലാണ് ഇന്ത്യയോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്‌ലിം വോട്ടർമാരെ നടപടി സാരമായി ബാധിച്ചതായി പശ്ചിമബംഗാളിലെ നന്ദിഗ്രാം മണ്ഡലം ഉദാഹരണമാക്കി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഒഴിവാക്കപ്പെട്ടവരിൽ പലർക്കും സാധുവായ തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടായിരുന്നു. നന്ദിഗ്രാമിൽ നീക്കം ചെയ്ത പേരുകളിൽ 95 ശതമാനവും മുസ്‌ലിം വോട്ടർമാരുടേതാണെന്ന് യു.എൻ കത്തിൽ പരാമർശിച്ചു. എന്നാൽ, ഈ മണ്ഡലത്തിലെ ആകെ വോട്ടർമാരിൽ 25 ശതമാനം മാത്രമാണ് മുസ്‌ലിംകൾ. ഇവർ തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും എസ്.ഐ.ആറിന് സ്റ്റേ അനുവദിച്ചിരുന്നില്ല.

രേഖകളിലെ ചെറിയ അക്ഷരപ്പിശകുകളോ പേരിലെ വ്യത്യാസങ്ങളോ പോലും വോട്ടർപട്ടികയിൽനിന്ന് പേര് വെട്ടാൻ കാരണമായി ഉപയോഗിച്ചു. ബിഹാറിലും സമാന നടപടിയിലൂടെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടാനും പൗരത്വ ആശങ്കകൾ ഉയരാനും കാരണമായതായി കത്തിലുണ്ട്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്താൻ എ.ഐ (AI) സംവിധാനം ഉപയോഗിച്ചെന്ന ആരോപണത്തിലും യു.എൻ ആശങ്ക രേഖപ്പെടുത്തി. ഇതിലൂടെ അർഹരായ വോട്ടർമാരും പുറത്തായിട്ടുണ്ടാകാമെന്ന് യു.എൻ ദൂതന്മാർ അഭിപ്രായപ്പെട്ടു.

ആരോപണങ്ങളിൽ മുൻവിധിയോടെ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. എങ്കിലും, എസ്.ഐ.ആർ നടപ്പാക്കിയ രീതി മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനങ്ങളായി മാറാൻ സാധ്യതയുണ്ടെന്ന് യു.എൻ ആശങ്കപ്പെടുന്നു. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയത് മുസ്‌ലിംകളും ബംഗാളി വംശജരും അടക്കമുള്ള ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിച്ചെന്നാണ് സൂചന.

ഒരു മതവിഭാഗത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് നീക്കം ചെയ്യുന്നത് മുസ്‌ലിം പൗരന്മാർക്കെതിരായ വിവേചനത്തിന് ഔദ്യോഗിക അംഗീകാരം നൽകുന്നതിന് തുല്യമാകാമെന്നും യു.എൻ ആശങ്കപ്പെടുന്നു. മതന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി ലക്ഷ്യമിടാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായും ഇത് വ്യാഖ്യാനിക്കപ്പെടാം. ഇത് ഇന്ത്യ അംഗീകരിച്ചിട്ടുള്ള വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷന്റെയും 1992-ലെ ന്യൂനപക്ഷാവകാശ പ്രഖ്യാപനത്തിന്റെയും ആത്മാവിന് വിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Also read: