എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; 20 അംഗങ്ങളില്‍ നാലുപേര്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍
തിരുവനന്തപുരം: എൻസിഇആർടി (NCERT) 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തക വികസന സമിതി പുനഃസംഘടിപ്പിച്ചു. 20 അംഗ സമിതിയില്‍ നാലു പേര്‍ ആര്‍എസ്എസ് ബന്ധമുള്ളവരാണ്. സ്കൂൾ പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കുന്നു എന്ന ആക്ഷേപങ്ങളും വിമർശനങ്ങളും നിലനിൽക്കുന്നതിനിടെയാണ് പുതിയ നിർണായക നിയമനം.
സർവകലാശാലാ അക്കാദമിക് വിദഗ്ധർ, സ്കൂൾ അധ്യാപകർ, എൻസിഇആർടി ഫാക്കൽറ്റി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഇതിൽ നാല് പേരെങ്കിലും ആർഎസ്എസുമായോ ബിജെപിയുമായോ അടുത്ത ബന്ധമുള്ള സംഘടനകളിൽ സജീവമായി പ്രവർത്തിച്ചവരാണ്. ജെഎൻയു, ഡൽഹി യൂണിവേഴ്സിറ്റി, ഇഗ്നൗ, നാഷണൽ ലോ യൂണിവേഴ്സിറ്റി ഡൽഹി, ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഉത്കൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഫാക്കൽറ്റി അംഗങ്ങളും ഇതിലുണ്ട്.
മുൻ എബിവിപി ദേശീയ സെക്രട്ടറിയും ജെഎൻയു പ്രൊഫസറുമായ വന്ദന മിശ്ര, എബിവിപിയിൽ സംഘടനാ ചുമതലകൾ വഹിച്ചിട്ടുള്ള ബിജെപി രാഷ്ട്രീയ ഉപദേഷ്ടാവ് യദുനാഥ് ദേശ്പാണ്ഡെ, പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്ഞാന പ്രബോധിനിയിലെ പ്രശാന്ത് ദിവേക്കർ, റാംഭാവു മൽഗി പ്രബോധിനിയുമായി ബന്ധപ്പെട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡർഷിപ്പ് പ്രസിദ്ധീകരിച്ച ജേണലിന്റെ എഡിറ്റോറിയൽ ബോർഡിൽ പ്രവർത്തിച്ച ജെഎൻയു വിദ്യാഭ്യാസ വിദഗ്ധൻ രവി രമേശ് ചന്ദ്ര ശുക്ല എന്നിവരുടെ നിയമനമാണ് പ്രധാനമായും ചർച്ചയാകുന്നത്.
2025 ജൂൺ 5-ന് വിജ്ഞാപനം ചെയ്ത മുൻ പാഠപുസ്തക വികസന സമിതിക്ക് പകരമായാണ് പുതിയ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം, 2023-ലെ സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF-SE) എന്നിവ അടിസ്ഥാനമാക്കി ഈ സമിതി പുതിയ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കും. പ്രൊഫസർ സന്ദീപ് ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയോട് 2026 നവംബർ 30-നകം പതിനൊന്നാം ക്ലാസ് പാഠപുസ്തകവും, 2027 ജൂലൈ 30-നകം പന്ത്രണ്ടാം ക്ലാസ് പുസ്തകവും പൂർത്തിയാക്കി സമർപ്പിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.