ഇന്ത്യയിൽ വീണ്ടും കോവിഡ്? ജൂലൈയിൽ രാജ്യത്ത് ആകെ 339 കേസുകൾ, ഏറ്റവും കൂടുതൽ കേരളത്തിൽ
ന്യൂഡൽഹി: ഇന്ത്യയിൽ ജൂലൈ മാസം ആരംഭിച്ചതിനു ശേഷം കോവിഡ് കേസുകളിൽ നേരിയ വർധനവുണ്ടായതായി റിപ്പോർട്ട്. ഇതുവരെ രാജ്യത്ത് 339 കേസുകൾ റിപ്പോർട്ട് ചെയ്തതായും ഏറ്റവും കൂടുതൽ (115 രോഗികൾ) കേരളത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആന്ധ്രാപ്രദേശിൽ മൂന്നാഴ്ചക്കിടെ 4 പേർ കോവിഡ് കാരണം മരണപ്പെട്ടു.
എന്നാൽ ഇവർ 4 പേരും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവർ ആയിരുന്നെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ആഗസ്റ്റ് അവസാനത്തോടെ ഈ വ്യാപനം തനിയെ കുറയുമെന്നും ആരോഗ്യ വിദഗ്ദർ വിലയിരുത്തുന്നു. എങ്കിലും പ്രായമായവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും അതീവ ശ്രദ്ധ പുലർത്തണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് പോലുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
കേരളത്തിന് തൊട്ടുപിന്നാലെ കർണാടകയിൽ 64 കേസുകളും മഹാരാഷ്ട്രയിൽ 43 കേസുകളും തമിഴ്‌നാട്ടിൽ 39 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ നടപടികൾ ശക്തമാണെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നു. ഒമിക്രോണിന്റെ ഉപവകഭേദമായ ‘സിക്കാഡ’ ഉൾപ്പെടെയുള്ള വൈറസ് വകഭേദങ്ങളാണ് നിലവിലെ രോഗവ്യാപനത്തിന് പിന്നിലെന്നാണ് ആരോഗ്യ വിദഗ്ധർ സംശയിക്കുന്നത്. അതിവേഗം പടരാൻ സാധ്യതയുള്ള ഈ വകഭേദങ്ങൾ രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ളതാണെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കില്ലെന്നാണ് പ്രാഥമിക നിഗമനങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം പനി, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനും ശ്വാസകോശ ശുചിത്വം പാലിക്കാനും ആരോഗ്യ വകുപ്പ് നേരത്തെ തന്നെ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് 70 വയസ്സിന് മുകളിലുള്ള പ്രായമായവർ, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ കൃത്യസമയത്ത് കോവിഡ് അല്ലെങ്കിൽ ഇൻഫഌവൻസ പരിശോധനകൾക്ക് വിധേയരാകണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് ഉപയോഗിക്കുന്നതും കൃത്യമായ ഇടവേളകളിൽ കൈകൾ വൃത്തിയാക്കുന്നതും ശീലമാക്കണമെന്നും നിർദ്ദേശമുണ്ട്.