20/07/2026
[fontresizer_tawhidurrahmandear_widget]

ഐഫോൺ 17 പ്രോയേക്കാൾ വില! ഒരു മിനിറ്റ് സംസാരിക്കാൻ 25 രൂപ! 1.34 ലക്ഷം രൂപയുടെ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി ബി.എസ്.എൻ.എൽ

 ഐഫോൺ 17 പ്രോയേക്കാൾ വില! ഒരു മിനിറ്റ് സംസാരിക്കാൻ 25 രൂപ! 1.34 ലക്ഷം രൂപയുടെ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി ബി.എസ്.എൻ.എൽ

ന്യൂഡൽഹി: ആപ്പിളിന്റെ പുതിയ ഐഫോൺ 17 പ്രോയേക്കാൾ ഉയർന്ന വിലയിൽ ഇന്ത്യയിൽ പുതിയ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കി ബി.എസ്.എൻ.എൽ. 1,34,166 രൂപയാണ് ഈ ഫോണിന്റെ വില. ഒറ്റനോട്ടത്തിൽ വില കേട്ട് ഞെട്ടാമെങ്കിലും, സാധാരണ സ്മാർട്ട്‌ഫോണുകളോട് മത്സരിക്കാനല്ല ബി.എസ്.എൻ.എൽ ഈ ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. മൊബൈൽ നെറ്റ്‌വർക്കുകൾ ഇല്ലാത്ത വിദൂര പ്രദേശങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും തടസ്സങ്ങളില്ലാതെ ആശയവിനിമയം നടത്താനാണ് ഈ പ്രത്യേക സാറ്റലൈറ്റ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സാധാരണ ഫോണുകളെപ്പോലെ മൊബൈൽ ടവറുകളെയല്ല, മറിച്ച് ഇൻമാർസാറ്റ് പോലുള്ള ആഗോള സാറ്റലൈറ്റ് ശൃംഖലകളെയാണ് ഈ ഫോൺ നേരിട്ട് ബന്ധിപ്പിക്കുന്നത്. പ്രതിരോധ സേനാംഗങ്ങൾ, കപ്പൽയാത്രക്കാർ, ദുരന്തനിവാരണ സേന, ഖനന കമ്പനികൾ, സാഹസിക യാത്രികർ, തീർത്ഥാടകർ എന്നിവരെ ലക്ഷ്യമിട്ടാണ് ഗ്ലോബൽ സാറ്റലൈറ്റ് ഫോൺ സർവീസ് (ജി.എസ്.പി.എസ്) വഴി പ്രവർത്തിക്കുന്ന ഈ ഫോൺ നിർമ്മിച്ചിരിക്കുന്നത്. സാറ്റലൈറ്റുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള പ്രത്യേക ആന്റിനകളും ഹാർഡ്‌വെയറുകളുമാണ് ഇതിന്റെ വില വർദ്ധിക്കാൻ പ്രധാന കാരണം. സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ എണ്ണത്തിൽ മാത്രമാണ് ഇവ നിർമ്മിക്കുന്നതെന്നതും വില കൂടാൻ കാരണമാകുന്നുണ്ട്. മികച്ച ബാറ്ററി ലൈഫും ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ കഴിയുന്ന കരുത്തുറ്റ രൂപകൽപ്പനയുമാണ് ഇതിന്റെ മറ്റ് പ്രത്യേകതകൾ.

ആപ്പിൾ ഐഫോണുകളിൽ നിലവിലുള്ള സാറ്റലൈറ്റ് ഫീച്ചറുമായി ബി.എസ്.എൻ.എൽ ഫോണിനെ താരതമ്യം ചെയ്യാൻ കഴിയില്ല. ഐഫോണുകളിലെ ഫീച്ചർ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ‘എമർജൻസി എസ്.ഒ.എസ്’ സംവിധാനമാണ്. എന്നാൽ ബി.എസ്.എൻ.എൽ ഫോൺ പൂർണ്ണമായും സാറ്റലൈറ്റ് വഴി പ്രവർത്തിക്കുന്ന ഒന്നാണ്. ഇതിലൂടെ ഏത് സമയത്തും വോയ്‌സ് കോളുകൾ ചെയ്യാനും എസ്.എം.എസ് അയക്കാനും സാധിക്കും.

അതേസമയം, സാധാരണക്കാർക്ക് ഈ ഫോൺ അത്ര എളുപ്പത്തിൽ വാങ്ങാൻ കഴിയില്ല. ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ കർശന നിയന്ത്രണങ്ങളുണ്ട്. ഫോൺ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും സർക്കാരിൽ നിന്നും മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. അനുമതിയില്ലാതെ ഫോൺ ഉപയോഗിക്കുന്നത് നിയമനടപടികൾക്ക് കാരണമാകും. ഫോണിന്റെ വിലയ്ക്ക് പുറമെ, വലിയ തുക നൽകി സാറ്റലൈറ്റ് പ്ലാനുകൾ റീച്ചാർജ് ചെയ്യുകയും വേണം. സർക്കാർ ആവശ്യങ്ങൾക്ക് പ്രതിമാസം 3,500 രൂപ മുതലും, വാണിജ്യ ആവശ്യങ്ങൾക്ക് 5,835 രൂപ മുതലുമാണ് പ്ലാനുകൾ ആരംഭിക്കുന്നത്. സൗജന്യ ലിമിറ്റ് കഴിഞ്ഞാൽ ഒരു മിനിറ്റ് കോളിനോ ഒരു എസ്.എം.എസിനോ 18 രൂപ മുതൽ 25 രൂപ വരെ ഉപയോക്താക്കൾ നൽകേണ്ടിവരും. വാർഷിക പ്ലാനുകളും ഇതിൽ ലഭ്യമാണ്.

Also read: