03/09/2026
[fontresizer_tawhidurrahmandear_widget]

12-ാം വയസിൽ റോബോട്ടിനെ നിർമിച്ചു, 16-ാം വയസിൽ ടെക് കമ്പനി തലവൻ; കമ്പനിയിൽ അച്ഛന് ശമ്പളം 2 ലക്ഷം!- ഇത് കേരളത്തിന്റെ ‘എഐ വിസ്മയം’ റൗൾ ജോൺ അജു | Raul John Aju Kerala’s AI Prodigy

 12-ാം വയസിൽ റോബോട്ടിനെ നിർമിച്ചു, 16-ാം വയസിൽ ടെക് കമ്പനി തലവൻ; കമ്പനിയിൽ അച്ഛന് ശമ്പളം 2 ലക്ഷം!- ഇത് കേരളത്തിന്റെ ‘എഐ വിസ്മയം’ റൗൾ ജോൺ അജു | Raul John Aju Kerala’s AI Prodigy

കൊച്ചി: പ്ലസ്ടു പരീക്ഷ കഴിഞ്ഞ് തുടർന്ന് എന്തു പഠിക്കണം എന്ന ആശങ്കയിൽ ഭൂരിഭാഗം കൗമാരക്കാരും കഴിയുമ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സ്വന്തമായി സ്റ്റാർട്ടപ്പ് കമ്പനിയുമായി വിസ്മയം തീർക്കുകയാണ് റൗൾ ജോൺ അജു എന്ന 16കാരൻ മലയാളി(Raul John Aju Kerala’s AI Prodigy). പഠനത്തോടൊപ്പം സ്വന്തം കമ്പനിയെ മുന്നിൽനിന്ന് നയിക്കുന്ന ഈ മിടുക്കൻ, തന്റെ സ്ഥാപനത്തിലെ പ്രധാന ചുമതലക്കാരനായ സ്വന്തം അച്ഛന് നൽകുന്നത് പ്രതിമാസം രണ്ട് ലക്ഷം രൂപ ശമ്പളമാണ്. ഇതിനകം തന്നെ ‘എഐ കിഡ് ഓഫ് ഇന്ത്യ’ എന്ന വിശേഷണം റൗൾ സ്വന്തമാക്കിയത് വെറുതെയല്ല. വലിയ തലക്കെട്ടുകളിൽ നിറയുന്ന വാർത്തകൾക്കും കൗതുകങ്ങൾക്കുമപ്പുറം കഠിനാധ്വാനത്തിന്റെയും അടങ്ങാത്ത അന്വേഷണത്ത്വരയുടെയും വലിയൊരു വിജയഗാഥയാണ് ഈ കൗമാരക്കാരന്റെ ജീവിതം.

കൊച്ചി കുന്നുംപുറം നോർത്ത് എടപ്പള്ളി ഗവ. ഹയർസെക്കന്ററി സ്‌കൂളിൽ കൊമേഴ്സ് വിഭാഗത്തിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് റൗൾ ജോൺ അജു(Raul John Aju Kerala’s AI Prodigy). ഒമ്പതാം വയസ്സിൽ സ്വന്തമായി എഐ പഠിച്ചുതുടങ്ങിയ റൗൾ, പന്ത്രണ്ടാം വയസ്സിൽ ഒരു റോബോട്ടിനെ നിർമിച്ചു. 16-ാം വയസ്സിൽ സ്വന്തം കമ്പനിയുടെ അമരക്കാരനായി. ഏകദേശം പതിനഞ്ചോളം ജീവനക്കാരുള്ള ഒരു ടെക് സ്റ്റാർട്ടപ്പിനെയാണ് സ്‌കൂൾ വിദ്യാർഥിയായ റൗൾ ഇന്ന് നയിക്കുന്നത്. പത്തിലധികം എഐ ടൂളുകൾ വികസിപ്പിച്ചെടുത്ത ഈ കൗമാര പ്രതിഭയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള അഞ്ച് ലക്ഷത്തോളം പേർക്കാണ് ഇതുവരെ വിവിധ വിഷയങ്ങളിൽ സാങ്കേതിക പരിശീലനം നൽകിയത്. ആഗോള ടെക്‌നോളജി ഫോറങ്ങളിൽ സ്ഥിരം സാന്നിധ്യമായ റൗൾ, ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള പ്രമുഖരുമായും ഇതിനോടകം സംവദിച്ചുകഴിഞ്ഞു.

സ്വന്തം അച്ഛന്റെ ബോസ്! | Raul John Aju Kerala’s AI Prodigy

റൗളിന്റെ എഐ സ്റ്റാർട്ടപ്പിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായം സ്വന്തം അച്ഛനായ അജു ജോസഫിനെ കമ്പനിയിൽ നിയമിച്ചതാണ്. ആമസോൺ, അഡോബി, വിപ്രോ, ഐബിഎം തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് അജു ജോസഫ്. സ്മാർട്ട്‌ഫോണിൽനിന്നോ ഇന്റർനെറ്റിൽനിന്നോ മാത്രം പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയാത്ത കോർപറേറ്റ് ലോകത്തെ തന്ത്രങ്ങളും അനുഭവസമ്പത്തുമാണ് അച്ഛനിലൂടെ തന്റെ സംരംഭത്തിലേക്ക് എത്തിക്കുന്നതെന്നാണ് റൗൾ പറയുന്നത്.

വൻകിട കോർപറേറ്റുകളെയും ടെക് ബിസിനസുകളെയും നയിക്കാൻ അച്ഛന്റെ വർഷങ്ങളുടെ പരിചയം ഏറെ സഹായിക്കുന്നുണ്ടെന്ന് അവൻ പറയുന്നു. സ്ഥാപനത്തിന്റെ തലവനാണ് താനെങ്കിലും, അച്ഛനിൽനിന്ന് ഇനിയും ഏറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്ന വിനയം ഈ കൊച്ചുമിടുക്കൻ കൈവിടുന്നില്ല. ചെറുപ്രായത്തിലെ വിജയം എല്ലാമറിഞ്ഞു എന്നതിനർഥമല്ലെന്നും അറിവുകൾ നിരന്തരം സ്വന്തമാക്കണമെന്നുമുള്ള തിരിച്ചറിവാണ് റൗളിനെ വ്യത്യസ്തനാക്കുന്നത്.

പ്രയോഗികതയിൽ ഊന്നിയ എഐ ഉപകരണങ്ങൾ | Raul John Aju Kerala’s AI Prodigy

അച്ഛൻ അഡോബിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് റൗളിന് പ്രീമിയം സാങ്കേതിക സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാനുള്ള സൗകര്യം ലഭിക്കുന്നത്. സാധാരണ കുട്ടികളെപ്പോലെ ഗെയിമുകളിലോ വിനോദങ്ങളിലോ മാത്രം മുഴുകാതെ, സാങ്കേതികവിദ്യയുടെ പ്രവർത്തനരീതികളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനാണ് റൗൾ സമയം കണ്ടെത്തിയത്. 12-ാം വയസ്സിൽ സ്‌കൂൾ സയൻസ് പ്രോജക്ടിന്റെ ഭാഗമായി ‘മീബോട്ട്’ എന്ന റോബോട്ടിനെ വികസിപ്പിച്ചതോടെയാണ് ഈ പ്രതിഭ പൊതുശ്രദ്ധ നേടുന്നത്.

തുടർന്ന് റെസ്‌ക്യൂ എഐ, സാപ്ഗാപ്, ഇൻവെസ്റ്റോ എഐ, ഫീഡ്‌ഫൈ തുടങ്ങി പത്തിലധികം പ്രായോഗിക എഐ ടൂളുകൾ റൗൾ വികസിപ്പിച്ചു. കേവലം പ്രദർശനത്തിന് മാത്രമല്ലാതെ, നിത്യജീവിതത്തിലെ യഥാർത്ഥ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉതകുന്ന സാങ്കേതിക മുന്നേറ്റങ്ങൾക്കാണ് റൗൾ എപ്പോഴും മുൻഗണന നൽകുന്നത്.

ആഗോളവേദികളിൽ തിളങ്ങി കേരളത്തിന്റെ അഭിമാനം | Raul John Aju Kerala’s AI Prodigy

തന്റെ സ്റ്റാർട്ടപ്പിനും ‘തിങ്ക് ക്രാഫ്റ്റ് അക്കാദമി’ക്കും കീഴിൽ എഐ സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ വിദ്യാർഥി. എഐ വിജ്ഞാനം കമ്പ്യൂട്ടർ സയൻസ് ബിരുദധാരികളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്ന് റൗൾ ഉറച്ചുവിശ്വസിക്കുന്നു. ഐഐടികൾ, ഐഐഎമ്മുകൾ, വിദേശ സർവകലാശാലകൾ എന്നിവയിലെ വിദ്യാർഥികളും ജീവനക്കാരും അടങ്ങുന്ന വലിയൊരു സമൂഹമാണ് റൗളിന്റെ പരിശീലന പദ്ധതികളിൽ പങ്കാളികളാകുന്നത്. സോഷ്യൽ മീഡിയയിൽ ‘റൗൾ ദ റോക്ക്സ്റ്റാർ’ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യാ എഐ ഇംപാക്ട് ഉച്ചകോടിയിൽ യുഎൻ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ റൗൾ ഉദ്ഘാടന പ്രസംഗം നടത്തിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനൊപ്പം മനുഷ്യന്റെ സർഗ്ഗാത്മകതയും സഹാനുഭൂതിയും കൈവിടാതെ സൂക്ഷിക്കണമെന്നാണ് പുതിയ തലമുറയോട് റൗളിന്റെ ഉപദേശം. പഠനത്തിലെ മാർക്കുകളും ഡിഗ്രി സർട്ടിഫിക്കറ്റുകളും മാത്രമല്ല ഒരു വ്യക്തിയുടെ കഴിവിനെ അളക്കുന്നതെന്നും നൈപുണ്യ വികസനത്തിലും ഗവേഷണത്തിലുമാണ് ഭാവി ഒളിഞ്ഞിരിക്കുന്നതെന്നും വ്യക്തമാക്കിക്കൊണ്ട് സ്വന്തം ജീവിതം കൊണ്ട് മാതൃകയാവുകയാണ് ഈ മലയാളി കൗമാരക്കാരൻ.

Also read: