ടിം കുക്ക് പടിയിറങ്ങുന്നു; 372.57 ലക്ഷം കോടിയുടെ ടെക് സാമ്രാജ്യം നയിക്കാൻ ജോൺ ടെർനസ്
ജോൺ ടെർനസ്, ടിം കുക്ക്
ടെക് ഭീമനായ ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ടിം കുക്ക് സ്ഥാനമൊഴിയുന്നു. ജോൺ ടെർണസ് ആണ് ആപ്പിളിന്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കുക. 15 വർഷം കമ്പനിയെ നയിച്ച സിഇഒ ടിം കുക്ക് സ്ഥാനമൊഴിയുന്നതോടെ, ഇത് ആപ്പിളിന്റെ നേതൃത്വത്തിലെ ഒരു പ്രധാന മാറ്റമായാണ് കണക്കാക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ടെർനസ് സിഇഒ സ്ഥാനം ഏറ്റെടുക്കും. 25 വർഷമായി ആപ്പിളിലുള്ള അദ്ദേഹം നിലവിൽ ഹാർഡ്വെയർ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ്.
15 വർഷം കമ്പനിയെ നയിച്ച് വിപണി മൂല്യം 3.6 ട്രില്യൺ ഡോളർ വർധിപ്പിച്ച ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിലേക്ക് മാറും. സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പിൻഗാമിയായി 2011-ലാണ് കുക്ക് ആപ്പിളിന്റെ സിഇഒ ആയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ഓഹരി വില ഇരുപതിരട്ടിയായി ഉയർന്നു. ശക്തമായ വിതരണ ശൃംഖലയും ഉൽപ്പന്ന മികവും ആപ്പിളിനെ ആഗോള ശക്തിയാക്കി.
ആരാണ് ജോൺ ടെർനസ്?
വിദഗ്ധനെന്നും മികച്ച എഞ്ചിനിയറെന്നും കമ്പനിക്കുള്ളിൽ പേരെടുത്ത വ്യക്തിയാണ് 50കാരനായ ജോൺ ടെർനസ്. 2001 ലാണ് അദ്ദേഹം ആപ്പിളിൽ ചേർന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങളുടെ പിന്നിൽ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ഐഫോൺ, ഐപാഡ്, മാക്, എയർപോഡ്സ് എന്നിവയുടെ വികസനത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ആപ്പിൾ സ്വന്തമായി നിർമ്മിച്ച ആപ്പിൾ സിലിക്കൺ’ ചിപ്പുകളിലേക്കുള്ള മാക്കിൻ്റെ ചുവടുമാറ്റത്തിന് നേതൃത്വം നൽകിയത് ടെർനസായിരുന്നു. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത സ്വഭാവക്കാരനാണെങ്കിലും ആപ്പിളിന്റെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ അതിശക്തമായ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം.
ടിം കുക്ക് കമ്പനിയുടെ പ്രവർത്തനമികവിനും സപ്ലൈ ചെയിൻ മാനേജ്മെന്റിനും മുൻഗണന നൽകിയപ്പോൾ, ടെർണസ് ഒരു ‘പ്രോഡക്റ്റ് സെൻട്രിക്’ നേതാവായാണ് അറിയപ്പെടുന്നത്. അതായത് ഉൽപ്പന്നങ്ങളുടെ സാങ്കേതിക മികവിനായിരിക്കും അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകുക. അതിനാല് തന്നെ ടിം കുക്കിന്റെ പ്രവർത്തന മികവിന്റെ കാലഘട്ടത്തിന് ശേഷം, ഉൽപ്പന്നങ്ങളിൽ കൂടുതൽ നൂതനത്വം കൊണ്ടുവരാൻ ടെർനസിന്റെ നേതൃത്വത്തിന് സാധിക്കുമെന്നാണ് ടെക് ലോകത്തെ വിലയിരുത്തൽ.