23 വർഷത്തെ സേവനത്തിന് വിരാമം; മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ മൈക്രോസോഫ്റ്റ് ജോലി രാജിവെച്ച് കേശവൻ ഷൺമുഖം
ചിലപ്പോഴൊക്കെ ഏറ്റവും ഉയർന്ന നിലയിലുള്ള ടെക് ജോലികൾ പോലും കുടുംബത്തിന് വേണ്ടി മാറ്റിവെക്കേണ്ടി വരാറുണ്ട്. മൈക്രോസോഫ്റ്റിലെ എഞ്ചിനീയറിങ് സീനിയർ വൈസ് പ്രസിഡന്റായ കേശവൻ ഷൺമുഖം കമ്പനിയിലെ 23 വർഷത്തെ വിജയകരമായ സേവനത്തിന് ശേഷം പടിയിറങ്ങുന്നു. പ്രായമായ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇന്ത്യയിലേക്ക് മടങ്ങുകയാണെതാണ് ഇതിന് കാരണം. ചരിത്രത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മുന്നേറ്റത്തിനിടയിലാണ് ഷൺമുഖത്തിന്റെ ഈ തീരുമാനം വരുന്നത് എന്നത് ശ്രദ്ധേയമാണ്. മൈക്രോസോഫ്റ്റിന്റെ എക്സൽ കോപൈലറ്റ്, ഏജന്റിക് എഐ സിസ്റ്റങ്ങൾ എന്നിവയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. ചരിത്രത്തിലെ ഏറ്റവും വലിയ എഐ കുതിച്ചുചാട്ടത്തിനിടയിൽ ഈ പദവി വിട്ടുപോവുക എന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെങ്കിലും, കേശവൻ ഷൺമുഖത്തെ സംബന്ധിച്ചിടത്തോളം കുടുംബമായിരുന്നു എപ്പോഴും പ്രഥമ പരിഗണന.
ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇത് വളരെ ബുദ്ധിമുട്ടേറിയതും എന്നാൽ ആവശ്യമായതുമായ ഒരു തീരുമാനമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “മൈക്രോസോഫ്റ്റിൽ 23 വർഷത്തെ സേവനത്തിന് ശേഷം, ഇന്ത്യയിലെ പ്രായമായ മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായി ഞാൻ ഇന്ന് വിരമിക്കുകയാണ്,” എന്ന് അദ്ദേഹം എഴുതി. “എക്സൽ കോപൈലറ്റിലെ ആവേശകരമായ ജോലിയും മൈക്രോസോഫ്റ്റിലെ സഹപ്രവർത്തകരെയും പിരിഞ്ഞുപോരുക എന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാൽ എന്റെ ഊർജ്ജം കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ഉപയോഗിക്കുക എന്നത് എനിക്ക് ഏറ്റവും അനുയോജ്യമായ തീരുമാനമാണ്.”
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തന്റെ മൈക്രോസോഫ്റ്റ് യാത്ര രസകരവും ആവേശകരവും സംതൃപ്തവുമാക്കിയതിന് അദ്ദേഹം സഹപ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ഈ തീരുമാനം ടെക് ലോകത്തിന്റെ വ്യാപകമായ പ്രശംസയാണ് പിടിച്ചുപറ്റിയത്. സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിന് പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചത്. കരിയർ ലക്ഷ്യങ്ങളെക്കാൾ മാതാപിതാക്കൾക്ക് മുൻഗണന നൽകിയ അദ്ദേഹത്തിന്റെ തീരുമാനത്തെ നിരവധിപേർ അഭിനന്ദിച്ചു. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഒരു സാങ്കേതിക കമ്പനിയിൽ കരിയർ കെട്ടിപ്പടുക്കുന്നത് വലിയ നേട്ടമാണ്, എന്നാൽ കുടുംബത്തിനായി നിങ്ങൾ ഇഷ്ടപ്പെടുന്ന ഒന്നിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുന്നത് ഈ മാറ്റത്തെ കൂടുതൽ അർത്ഥവത്താക്കുന്നു എന്ന് ഒരു ലിങ്ക്ഡ്ഇൻ ഉപയോക്താവ് കുറിച്ചു. മറ്റൊരു ഉപയോക്താവ് തങ്ങളുടെ വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകൊണ്ട്, മാതാപിതാക്കളെ ചേർത്തുപിടിക്കാൻ തക്കവഴിയുള്ള ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നാണിതെന്ന് അഭിപ്രായപ്പെട്ടു.
യുഎസ് കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങൾ അദ്ദേഹത്തിന്റെ വിരമിക്കലിന് കാരണമായിട്ടുണ്ടോ എന്ന തരത്തിലുള്ള ചർച്ചകളും ഓൺലൈനിൽ ഉയർന്നു വന്നിരുന്നു. പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിന് കീഴിൽ പുതിയ ഗ്രീൻ കാർഡ് സ്പോൺസർഷിപ്പ് അപേക്ഷകൾ സമർപ്പിക്കുന്നതിൽ നിന്ന് മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ ഔട്ട്സോഴ്സിങ് സ്ഥാപനങ്ങളെ യുഎസ് ഉദ്യോഗസ്ഥർ താൽക്കാലികമായി വിലക്കിയതായി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. എച്ച്-1ബി വിസ ദുരുപയോഗം സംബന്ധിച്ച അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ നടപടി. എന്നിരുന്നാലും, തന്റെ തീരുമാനം കുടുംബത്തെ കേന്ദ്രീകരിച്ചുള്ള തികച്ചും വ്യക്തിപരമായ ഒന്നാണെന്നാണ് ഷൺമുഖം വ്യക്തമാക്കിയത്.